ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ജില്ലയിലെ 70 ശതമാനം ആരോഗ്യസ്ഥാപനങ്ങൾക്കും ലൈസൻസില്ല
text_fieldsമലപ്പുറം: ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിൽ 70 ശതമാനവും പ്രവർത്തിക്കുന്നത് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ലൈസൻസ് എടുക്കാതെ. ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരവും നടപടിക്രമങ്ങളിലെ സുതാര്യതയും ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് 2018ൽ നിയമസഭ പാസാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാണ്. സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിൽ സ്ഥിര ലൈസൻസുള്ള ആശുപത്രികൾ ജില്ലയിൽ 25 എണ്ണം മാത്രമാണ്.
ക്ലിനിക്കുകളുടെ എണ്ണം 92. ഡെന്റൽ ക്ലിനിക്കുകൾ 25. ലാബുകൾ പത്തെണ്ണം മാത്രം. ഡേ കെയറുകൾ ആറെണ്ണം. മെറ്റേണിറ്റി ഹോമുകളിൽ ഒന്നിനു മാത്രമാണ് സ്ഥിരം ലൈസൻസുള്ളത്. പ്രൊവിഷണൽ ലൈസൻസിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ ജില്ലയിൽ 77 എണ്ണമുണ്ട്. ക്ലിനിക്കുകൾ 744. ഡെന്റൽ ക്ലിനിക്കുകൾ 355. ലാബുകൾ 317. ഡേ കെയറുകൾ എട്ട്, മെറ്റേണിറ്റി ഹോം ഒന്ന് എന്നിങ്ങനെയാണ് താൽകാലിക ലൈസൻസിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം. ഒട്ടുമിക്ക ലബോറട്ടികളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് ക്ലിനിക്കുകളും ലാബുകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ലൈസൻസ് എടുത്തവ ചുരുക്കം. ചില സ്ഥാപനങ്ങളും താൽകാലിക രജിസ്ട്രേഷൻ നടത്തി പ്രവർത്തനം തുടരുകയാണ്.
നിയമപ്രകാരം എല്ലാ ആരോഗ്യ സ്ഥാപനങ്ങളും 30 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നാണ് ചട്ടമെങ്കിലും വർഷങ്ങളായി ഇത് പാലിക്കാൻ സ്ഥാപനമുടമകൾ തയാറായിട്ടില്ല. നിയമത്തിലെ ചില വ്യവസ്ഥക്കെതിരെ ഐ.എം.എയും ചില ആശുപത്രി മാനേജ്മെന്റുകളും ഹൈകോടതിയെ സമീപിച്ചിരുന്നു.
ഹരജിക്കാരുടെ വാദങ്ങൾ കോടതി തള്ളിയിരുന്നു. എന്നാൽ, ചില കേസുകളിൽ ഹൈകോടതി സ്റ്റേ നൽകിയിട്ടുള്ളതിനാൽ ഇതിന്റെ ബലത്തിലാണ് ചില ആശുപത്രികൾ ലൈസൻസ് എടുക്കാൻ വിസമ്മതിക്കുന്നതെന്ന് അധികൃതർ പറയുന്നു. നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിവരുകയാണെന്ന് ഡി.എം.ഒ ആർ. രേണുക അറിയിച്ചു.
എന്താണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്?
മലപ്പുറം: ചികിത്സച്ചെലവ് പരസ്യപ്പെടുത്തലും ഗ്രേഡിങും ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ചികിത്സ, പരിശോധന സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം 2018ലാണ് നിലവിൽവന്നത്. ആരോഗ്യസ്ഥാപനങ്ങൾ ചികിത്സച്ചെലവും പാക്കേജുകളും പ്രദർശിപ്പിക്കണം. ഇതുപ്രകാരം കൂടുതൽ നിരക്ക് ഈടാക്കിയാൽ പിഴ മുതൽ സ്ഥാപനം അടച്ചുപൂട്ടൽ വരെയുള്ള ശിക്ഷ ലഭിക്കും.
ബില്ലിൽ കൺസൾട്ടേഷൻ, പരിശോധന, ചികിത്സ എന്നിവയെല്ലാം വെവ്വേറെ രേഖപ്പെടുത്തണം. അലോപ്പതി, ആയൂർവേദം, ഹോമിയോ, യൂനാനി തുടങ്ങിയ അംഗീകൃത ചികിത്സ സമ്പ്രദായങ്ങളുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. ആശുപത്രി, മെറ്റേണിറ്റി ഹോം, നഴ്സിങ് ഹോം, ഡിസ്പെൻസറി, ക്ലിനിക്, ലബോറട്ടറികൾ എന്നിവയെല്ലാം പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗനിർണയം, പരിശോധനാ ഫലം നൽകിയ ചികിത്സ, വിടുതൽ സമയത്തുള്ള സ്ഥിതി, രോഗികൾക്കു നൽകുന്ന ഉപദേശം എന്നിവയെക്കുറിച്ചുള്ള രേഖകൾ ആശുപത്രികൾ സ്ഥിരമായി സൂക്ഷിക്കുകയും ബന്ധുക്കളോ രോഗിയോ ആവശ്യപ്പെടുമ്പോൾ പകർപ്പു നൽകുകയും വേണം. ആദ്യഘട്ടത്തിൽ എല്ലാ സ്ഥാപനങ്ങളും താൽകാലിക രജിസ്ടേഷൻ എടുക്കണം.
രണ്ടു വർഷത്തിനുള്ളിലാണു പൂർണ രജിസ്ട്രേഷൻ. നിയമത്തിന്റെ ഏതെങ്കിലും വ്യവസ്ഥയുടെ ആദ്യ ലംഘനത്തിനു 10,000 രൂപ, രണ്ടാമത്തെ ലംഘനത്തിന് 50,000 രൂപ, തുടർന്നുള്ള ലംഘനത്തിന് അഞ്ചുലക്ഷം രൂപ എന്നീ നിരക്കിലാണു പിഴ. കുറ്റം ഗുരുതരമാണെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുന്നതിനു കൗൺസിലിന് ഉത്തരവിടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

