മലയാളത്തിലെ ആദ്യ കാമ്പസ് വിഡിയോ സിനിമ 36 വർഷത്തിനുശേഷം വീണ്ടുമെത്തുന്നു
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി പിറന്ന മലയാളത്തിലെ ആദ്യത്തെ കാമ്പസ് വിഡിയോ സിനിമ വീണ്ടും പ്രദർശനത്തിന്. ചിത്രത്തിന് ഇപ്പോൾ 36 വയസ്സായി. വിഡിയോ കാസറ്റില്‍നിന്ന് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയ 'ഉറങ്ങാത്തവര്‍ ഉണരാത്തവര്‍' പുതുതലമുറക്ക് മുന്നില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് അണിയറക്കാര്‍. തിങ്കളാഴ്ച വൈകീട്ട് 6.30ന് ഗാന്ധിചെയർ സെമിനാർ ഹാളിലാണ് പ്രദർശനമെന്ന് അണിയറക്കാരായ എം. ആസാദ്, എം. സോമനാഥൻ, ബാബു സന്തോഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു സിനിമാക്കഥ പോലെയാണ് ഈ വിഡിയോ സിനിമയുടെ പുനര്‍ജനിയും.
സര്‍വകലാശാല ജീവനക്കാരനായിരിക്കെ ഗള്‍ഫിലേക്കുപോയ എം. ആസാദ് 1985ല്‍ തിരികെയെത്തുമ്പോള്‍ കൊണ്ടുവന്ന ജെ.വി.സിയുടെ ജപ്പാന് കാമറ ഉപയോഗിച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതോടെ ഒരു സര്‍വകലാശാലയുടെ ചരിത്രത്തിലെയും മലയാളത്തിലെയും ആദ്യ വിഡിയോ സിനിമ പിറന്നു. തിക്കോടിയിലെ നെയ്ത്തുഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള മണിയൂര്‍ ബാലന്റെ 'തെരുവ്' കഥ ആധാരമാക്കി സര്‍വകലാശാല ജീവനക്കാരായ ആസാദും എന്‍.പി. പ്രഭാകരനും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. അന്നത്തെ കാലിക്കറ്റ് വി.സി ടി.എന്‍. ജയചന്ദ്രന് ഉള്‍പ്പെടെ സിനിമയെ സ്നേഹിച്ച ഒരു കൂട്ടമാളുകള്‍ കൂടെനിന്നു.
സര്‍വകലാശാല തോട്ടക്കാരനായിരുന്ന പി.ടി. ദാമോദരന്‍ നമ്പ്യാരായിരുന്നു നിര്‍മാതാവ്. ഒരുമണിക്കൂറും 40 മിനിറ്റുമുള്ള സിനിമക്ക് സെന്‍സര്‍ബോർഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ ഏറെ പണിപ്പെട്ടു. ബോര്‍ഡ് അംഗങ്ങള്‍ക്ക് സിനിമ കാണാനുള്ള സാമഗ്രികളെല്ലാം വാടകക്കെടുത്ത് നല്‍കുകയായിരുന്നുവെന്ന് ആസാദ് പറഞ്ഞു. വി.സി.ആറില്‍ ഗ്രാമങ്ങള്‍തോറും സിനിമ പ്രദര്‍ശിപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍ പുതുമാതൃക തീര്‍ത്തു.
സിനിമ എഡിറ്റ് ചെയ്യാനും സാങ്കേതിക മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ കാണികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കാനും ആസാദ് ഏറെ പരിശ്രമിച്ചു. പഴയ വിഡിയോ ടേപ്പ് ഡിജിറ്റലൈസ് ചെയ്യാന്‍ അമേരിക്ക വരെ പോയിനോക്കി. ഒടുവില്‍ തൃശൂരില്‍വെച്ചാണ് കാര്യം നടന്നത്. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമക്കും അണിയറക്കാര്‍ക്കും അര്‍ഹിച്ച അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. സിനിമയുടെ ഭാഗമായിരുന്നവരിൽ ഭൂരിഭാഗം പേരും ജീവിച്ചിരിപ്പില്ല.