നീരോല്‍പാലം തോട്ടില്‍ ഒഴുക്കില്‍പെട്ട യുവാവിനായി ഇന്നും തിരച്ചിൽ
text_fieldsതേഞ്ഞിപ്പലം: നീന്തുന്നതിനിടെ നീരോല്‍പാലം വടക്കിയിൽമാട് തോട്ടില്‍ ഒഴുക്കിൽപെട്ട് കാണാതായ യുവാവിനെ കണ്ടെത്തിയില്ല. വെള്ളിയാഴ്ച രാത്രിയാണ് കൂട്ടുകാരോടൊപ്പം നീന്തി കുളിക്കുന്നതിനിടെ പള്ളിക്കൽ സ്രാമ്പ്യബസാറിലെ കാഞ്ഞിരശ്ശേരി ബാലെൻറ മകൻ ജിതേഷ് (30) ഒഴുക്കിൽപെട്ടത്. കൂട്ടുകാരായ അഞ്ച് പേരോടൊപ്പം നീന്താനായി എത്തിയതായിരുന്നു. ഇതിനിടെ ജിതേഷ് ഒഴുക്കിൽപെട്ടു.
നാട്ടുകാരും തേഞ്ഞിപ്പലം പൊലീസ്, ട്രോമാകെയർ വളൻറിയർമാർ, ഫയര്‍ഫോഴ്സ് എന്നിവർ വെള്ളിയാഴ്ച മുതൽതന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ശക്തമായ മഴയും തോട്ടിലെ കുത്തൊഴുക്കും കാരണം തിരച്ചിൽ ശനിയാഴ്ച തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. മലപ്പുറം, മഞ്ചേരി, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്നുള്ള ഫയർ ഫോഴ്സിലെ നാല് യൂനിറ്റും സ്കൂബ ടീമും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരും തിരച്ചിലിന് നേതൃത്വം നൽകി. കുന്നത്ത് ശങ്കരൻചിറ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളം തടഞ്ഞുവെച്ചും തിരച്ചിൽ നടത്തി.
പി. അബ്ദുൽ ഹമീദ് എം.എൽ.എ സ്ഥലത്തെത്തി ജില്ല കലക്ടറുമായി ഇടപെട്ട് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും നിർദേശിച്ചു. തിരച്ചിൽ ഞായറാഴ്ചയും തുടരും.

