വള്ളിക്കുന്ന്: കാറിടിച്ച് തകർന്ന വൈദ്യുതി ലൈനിൽ കണ്ടെയ്നർ ലോറിയിടിച്ച് വൈദ്യുതികാൽ വീണ് ലൈൻമാന് ഗുരുതര പരിക്ക്. ചേളാരി വൈദ്യുതി സെക്ഷനിലെ ലൈൻമാൻ ഒലിപ്രം 14ന് സമീപത്തെ പ്രവീണിനാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച പുലർച്ച അഞ്ചു മണിയോടെ ചെട്ടിയാർമാടിന് സമീപം കാർ ഇടിച്ചു വൈദ്യുതി ലൈനുകളും കാലുകളും തകർന്നതറിഞ്ഞ് മറ്റൊരു ജീവനക്കാരനോടൊപ്പം എത്തിയതായിരുന്നു ഇയാൾ.
ഇതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിയിൽ ലൈനുകൾ കൊളുത്തി വലിക്കുകയായിരുന്നു. ലോറിയുടെ വേഗത കാരണം ലൈനുകളോടൊപ്പം വൈദ്യുതി കാലുകൾ തകർന്ന് ഇയാളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഏഴോളം കാലുകൾ തകർന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.