ഒടുങ്ങാത്ത സ്നേഹം; മറമാടിയ മണ്ണിലും മകളെ ചേർത്തുപിടിച്ച് ഒരച്ഛൻ
text_fieldsമിനിയുടെ കുഴിമാടത്തിനരികെ പിതാവ് വെള്ളൻ
കാളികാവ്: മരിച്ച് മണ്ണോടുചേർന്നെങ്കിലും ആ മണ്ണിലും മകളെ ചേർത്തുപിടിച്ച് ഒരച്ഛൻ. അടക്കാക്കുണ്ട് പാറശ്ശേരി കോളനിയിലെ വെള്ളനാണ് അടങ്ങാത്ത സ്നേഹം കാരണം മകളുടെ അന്ത്യനിദ്ര വീടിനോട് ചേർന്ന് നിർമിച്ച അടുക്കള ഷെഡിലാക്കിയത്. മകളുടെ കുഴിമാടമെങ്കിലും എന്നും കണ്ടുകൊണ്ടിരിക്കാനായാണ് ആദിവാസി വയോധികനായ പിതാവ് അടുക്കളക്കായി നീക്കിവെച്ച ഷെഡിൽ മകളെ അടക്കിയത്. വെള്ളന് മക്കളായി ഒരാണും രണ്ട് പെണ്ണുമാണുള്ളത്. ഇതിൽ പ്രസവത്തെ തുടർന്ന് മരിച്ച മൂത്ത മകൾ മിനിയുടെ മൃതദേഹമാണ് ഭക്ഷണമുണ്ടാക്കുന്നതിനായി പുറത്ത് നിർമിച്ച ഷെഡിൽ മറമാടിയത്.
മാർച്ച് 28നാണ് മിനി മരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടന്ന സിസേറിയന് ശേഷം രക്തസ്രാവമുണ്ടാവുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവെച്ചാണ് മരിച്ചത്. വീട്ടിൽ കൊണ്ടുവന്ന മൃതദേഹം പൊതു ശ്മശാനത്തിൽ കൊണ്ടുപോകാൻ വാഹന സൗകര്യമടക്കം നാട്ടുകാർ ഒരുക്കിയെങ്കിലും വെള്ളൻ നിരസിക്കുകയായിരുന്നു. ആകെയുള്ള മൂന്നു സെന്റിൽ പകുതി സ്ഥലവും പാറയായതുകൊണ്ട് എവിടെയും കുഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. മകളുടെ കുഴിമാടത്തിൽ സദാ കയറിയിറങ്ങി കണ്ണ് നനഞ്ഞിരിക്കുന്ന വെള്ളൻ കരളലിയിക്കുന്ന കാഴ്ചയാവുകയാണ്. മിനി കാണാമറയത്തായെങ്കിലും തങ്ങൾക്ക് എന്നും ഓർക്കാനായാണ് ഇങ്ങനെ ചെയ്തതെന്നാണ് വെള്ളനും കുടുംബവും പറയുന്നത്. മിനിയുടെ കുഞ്ഞ് ഇപ്പോൾ ഭർത്താവ് വണ്ടൂർ കാരാട് സ്വദേശി നിതിനൊപ്പമാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

