കീഴുപറമ്പ് മുറിഞ്ഞമാട് അനധികൃത ബോട്ട് സർവിസ്; വിവിധ വകുപ്പുകൾ സ്ഥലം പരിശോധിച്ചു
text_fieldsമുറിഞ്ഞമാട് ചാലിയാറിൽ അനധികൃത ബോട്ട് സർവീസുകൾ പിടികൂടാൻ എത്തിയ ഉദ്യോഗസ്ഥ സംഘം
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ മുറിഞ്ഞമാട് ചാലിയാറിൽ അനധികൃത ബോട്ട് സർവിസ് പിടികൂടാൻ സംയുക്ത വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന് വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ബോട്ട് സർവിസുകൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്, തുറമുഖ വകുപ്പ്, റവന്യൂ, അഗ്നിരക്ഷസേന എന്നിവരുടെ നേതൃത്വത്തിലാണ് മുറിഞ്ഞമാട് പരിശോധന നടന്നത്. മുറിഞ്ഞമാട് യാതൊരു തരത്തിലുള്ള നിയമങ്ങളും പാലിക്കാതെ അനധികൃത ബോട്ട് സർവിസ് നടത്തുന്നു എന്ന പരാതി പരിശോധനക്കെത്തിയ വിവിധ വകുപ്പുകൾക്ക് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ വ്യാഴാഴ്ച പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ ബോട്ട് ജെട്ടികൾ പൊളിച്ചുനീക്കാനും ഉദ്യോഗസ്ഥ സംഘം പഞ്ചായത്തിന് നിർദേശം നൽകി. നിലവിൽ മുറിഞ്ഞമാട് മൂന്നു ബോട്ടുകൾ ചാലിയാറിലൂടെ സർവിസ് നടത്തിയിരുന്നു.
തുടർന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ജില്ല കലക്ടർ ഇത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ജലറാണി, ഫാന്റസി, ചാലിയാർ എന്നീ ബോട്ടുകൾ പ്രദേശത്തുണ്ടായിരുന്നെങ്കിലും കലക്ടറുടെ ഉത്തരവിനെ തുടർന്ന് ഇപ്പോൾ സർവിസ് നടത്തുന്നില്ലെന്ന് ബോട്ട് ഉടമകൾ സന്ദർശനത്തിനെത്തിയ ഉദ്യോഗസ്ഥരെ അറിയിച്ചത്.
മേഖലയിൽ ബോട്ട് സർവിസ് അനുവദിക്കില്ല എന്ന ബോർഡ് വെക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകി. അതേസമയം ഈ നിയമങ്ങളെല്ലാം ലംഘിച്ച് ബോട്ടുകൾ സർവിസ് നടത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ, മഞ്ചേരി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ വി.പി. സുനിൽകുമാർ, പോർട്ട് കൺസർവേറ്റർ കെ.പി. സുധീർ, ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്രൻ, ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ എൻ.വി. മറിയുമ്മ, കീഴുപറമ്പ് വില്ലേജ് ഓഫിസർ അബ്ദുൽ അബ്ബാസ്, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് എച്ച്.സി ടി.പി. ഇസ്മായിൽ റിയാസ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

