ജില്ല പഞ്ചായത്തിൽ യു.ഡി.എഫ് പെട്ടിയിലാക്കിയത് 5,19,994 വോട്ട് ഭൂരിപക്ഷം
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: യു.ഡി.എഫ് തൂത്തുവാരിയ ജില്ല പഞ്ചായത്തിൽ മുന്നണിക്ക് 5,19,994 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷം. 33 യു.ഡി.എഫ് സ്ഥാനാർഥികൾക്ക് ആകെ ലഭിച്ച ഭൂരിപക്ഷമാണിത്. 10 ഡിവിഷനുകളിൽ യു.ഡി.എഫിന് 20,000ലേറെ വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്.
സംസ്ഥാനത്ത് പ്രതിപക്ഷമില്ലാതെ നിലവില്‍ വരുന്ന ഏക ജില്ല പഞ്ചായത്താണ് മലപ്പുറം. കോണ്‍ഗ്രസും ലീഗും ഐക്യത്തോടെ മുന്നേറിയതും ഭരണവിരുദ്ധ വികാരവുമെല്ലാം യു.ഡി.എഫ് വിജയത്തിൽ നിർണായകമായെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് സ്ഥാനാർഥികളെ അവസാനഘട്ടത്തിലാണ് പ്രഖ്യാപിച്ചതെങ്കിലും കാര്യമായ പരിക്കില്ലാതെ എല്ലാവരും ജയിച്ചു കയറി. എന്നാൽ ചില ഡിവിഷനുകളിൽ യു.ഡി.എഫ് പ്രതീക്ഷിച്ച ലീഡിനൊപ്പമെത്തിയില്ലെന്ന ആക്ഷേപവുമുണ്ട്.
മൂന്നുപേര്‍ക്ക് 30,000ന് മുകളിലും 10പേർക്ക് 20,000ന് മുകളിലും 24 പേര്‍ക്ക് 10,000ന് മുകളിലും ഭൂരിപക്ഷം നേടാനായത് യു.ഡി.എഫിന് കരുത്തായി. 2,475 വോട്ടുകൾക്ക് വിജയിച്ച ചങ്ങരംകുളം, 1,717 വോട്ടിന് ജയിച്ച തവനൂർ, 577 വോട്ടിന് ജയിച്ച മാറഞ്ചേരി എന്നീ ഡിവിഷനുകളിൽ മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. ബാക്കി എല്ലാ ഡിവിഷനുകളിലും ചുരുങ്ങിയത് 6000ലധികം വോട്ടുകൾക്കാണ് യു.ഡി.എഫ് കയറിയത്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് ചോറൂർ ഡിവിഷനിലാണ്.
ഇവിടെ 33,668 വോട്ടാണ് യു.ഡി.എഫ് ഭൂരിപക്ഷം. ഏറ്റവും കുറവ് മാറഞ്ചേരിയിൽ. ഇവിടെ 577 വോട്ടുകൾക്കാണ് എൽ.ഡി.എഫിന് നഷ്ടമായത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ കിട്ടുമെന്നുറച്ചായിരുന്നു ഇക്കുറി എൽ.ഡി.എഫ് കളത്തിലിറങ്ങിയത്. ജില്ല പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ക്കെതിരായ അഴിമതി ആരോപണവും വികസനപ്രവര്‍ത്തനങ്ങളുടെ അഭാവവുമായിരുന്നു പ്രധാനമായും ചർച്ചയാക്കിയത്. എന്നാൽ യു.ഡി.എഫ് തരംഗത്തിൽ പ്രതീക്ഷകൾ തകർന്നുപോയി.
നഗരസഭ, േബ്ലാക്ക് പഞ്ചായത്ത്: 75 ശതമാനം സീറ്റും യു.ഡി.എഫിന്
മലപ്പുറം: ജില്ല പഞ്ചായത്തിൽ സമ്പൂർണ വിജയം നേടിയ യു.ഡി.എഫ് േബ്ലാക്ക് പഞ്ചായത്തുകളിലും നഗരസഭകളിലുമായുള്ള ജില്ലയിലെ 76 ശതമാനം സീറ്റുകളും സ്വന്തമാക്കി. നഗരസഭകളിലെ 505 സീറ്റുകളിൽ യു.ഡി.എഫ് 359 സീറ്റ് നേടിയപ്പോൾ എൽ.ഡി.എഫിന് 124 സീറ്റാണ് നേടാനായത്.
നാല് സീറ്റിൽ വെൽഫെയർ പാർട്ടി വിജയിച്ചു. ബി.ജെ.പി 18 സീറ്റും നേടി. േബ്ലാക്ക് പഞ്ചായത്തുകളിൽ 250ൽ 221 ഡിവിഷനുകളും യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫ് പ്രാതിനിധ്യം 26ൽ ഒതുങ്ങി. മൂന്ന് ഡിവിഷനുകളിൽ വെൽഫെയർ പാർട്ടിയാണ് വിജയിച്ചത്. ബി.ജെ.പിക്ക് േബ്ലാക്കിൽ പ്രാതിനിധ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

