മൊറയൂരില്‍ കുത്തക തുടരാന്‍ യു.ഡി.എഫ്; മാറ്റമുറപ്പാക്കാന് എല്‍.ഡി.എഫ്
text_fieldsമൊറയൂര്‍: ഭരണത്തിലെ കുത്തക തുടരാന്‍ യു.ഡി.എഫും രാഷ്ട്രീയ മാറ്റത്തിനായി എല്‍.ഡി.എഫും കച്ചമുറുക്കിയ മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇത്തവണ പോരാട്ടം ആവേശത്തില്‍. മുന്നണിയായും തനിച്ചും മുസ്ലിം ലീഗിന്റെ നേതൃത്വത്തിലാണ് കാലങ്ങളായി മൊറയൂരിലെ ഭരണം. വാര്‍ഡുകളുടെ എണ്ണം 21 ആയുയര്‍ന്ന മൊറയൂരില്‍ മുഴുവന്‍ സീറ്റിലും വിജയത്തിനായി യു.ഡി.എഫും കുത്തക ഭരണത്തിന് തിരശീലയിടാന്‍ എല്‍.ഡി.എഫും പ്രചാരണ രംഗത്ത് സജീവമാകുമ്പോള്‍ ജനകീയ മുഖത്തോടെയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളും എന്‍.ഡി.എയും എസ്.ഡി.പി.ഐയും വിവിധ വാര്‍ഡുകളിലായി മത്സര രംഗത്തുണ്ട്.
1968ല്‍ രൂപീകൃതമായപ്പോള്‍ പഞ്ചായത്തിന്റെ ഭരണം കോണ്‍ഗ്രസിനായിരുന്നു. കോണ്‍ഗ്രസിലെ ഖുസൈ ഹാജിയായിരുന്നു ആദ്യ പ്രസിഡന്റ്. പിന്നീട് അരിമ്പ്ര ബാപ്പുവിലൂടെ ഭരണം മുസ്ലിം ലീഗ് പിടിച്ചു. വര്‍ഷങ്ങളോളം മൊറയൂരിനെ അദ്ദേഹം നയിച്ചു. യു.ഡി.എഫ് സംവിധാനത്തിലും ലീഗ് തനിച്ചുമല്ലാതെ പിന്നീടൊരു ഭരണ സമിതിയും പഞ്ചായത്തില്‍ നിലവില്‍ വന്നിട്ടില്ല. 2005ലും 2010ലും മുന്നണി സംവിധാനമില്ലാതെ ലീഗ് ഒറ്റക്ക് മത്സരിച്ചപ്പോഴും ഉയര്‍ന്ന ഭൂരിപക്ഷത്തിന് വിജയം ആവര്‍ത്തിച്ചു. കഴിഞ്ഞ രണ്ട് തവണയും യു.ഡി.എഫ് സംവിധാനത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്താണ് ലീഗ് മത്സര രംഗത്തുള്ളത്. എല്‍.ഡി.എഫിന് ഇക്കാലയളവിലൊന്നും കാര്യമായ മുന്നേറ്റം ഗ്രാമപഞ്ചായത്തില്‍ കാഴ്ചവെക്കാനായിട്ടില്ല. കഴിഞ്ഞ തവണ 18 സീറ്റുകളില്‍ നാല് സീറ്റുകളിലായിരുന്നു എല്‍.ഡി.എഫിന്റെ വിജയം. യു.ഡി.എഫ് 14 സീറ്റുകളും നേടി.
ഇത്തവണ 21 വാര്‍ഡുകളില്‍ യു.ഡി.എഫില്‍ ലീഗിലെ 18 പേരും കോണ്‍ഗ്രസിലെ മൂന്ന് പേരുമാണ് മത്സര രംഗത്തുള്ളത്. എല്‍.ഡി.എഫില്‍ 19 സീറ്റുകളില്‍ സി.പി.എമ്മും രണ്ട് സീറ്റുകളില്‍ സി.പി.ഐയും മത്സരിക്കുന്നു. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും 15-ാം വാര്‍ഡിലും ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നതാണ് ശ്രദ്ധേയം. പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ ജനകീയ പിന്തുണയോടെയാണ് രണ്ട് സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സര രംഗത്തുള്ളത്. ഒമ്പത് വാര്‍ഡുകളില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളും രണ്ട് വാര്‍ഡുകളില്‍ എസ്.ഡി.പി.ഐയും മത്സരിക്കുന്നുണ്ട്.
പഞ്ചായത്തില്‍ ഇതുവരെ തുടര്‍ന്നുവന്ന ഭരണ സമിതികള്‍ കാഴ്ചവെച്ച ജനപക്ഷ ഭരണവും വികസന നേട്ടങ്ങളും ഇത്തവണയും അനുകൂല വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പാളയം. ഇത്തവണ മുഴുവന്‍ സീറ്റുകളിലും ജയം ഉറപ്പാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ഇന്‍ ചാർജ് മജീദ് അരിമ്പ്ര പറഞ്ഞു. അതേസമയം, യു.ഡി.എഫിനെതിരായ ജനവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എന്‍. ഹംസ പറഞ്ഞു.
കാലങ്ങളായുള്ള കുത്തക ഭരണത്തില്‍ ജനങ്ങള്‍ക്ക് അവശ്യം ലഭിക്കേണ്ട സേവന, ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളൊന്നും മൊറയൂരില്‍ നടപ്പായിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ ജനപക്ഷ പദ്ധതികള്‍ പോലും രാഷ്ട്രീയ വൈരാഗ്യത്താല്‍ മൊറയൂരില്‍ അട്ടിമറിക്കുകയായിരുന്നു. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ഇത്തവണ മാറ്റം ഉറപ്പാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. ശക്തമായ മത്സരം നടക്കുന്ന ഏഴ്, 15 വാര്‍ഡുകളില്‍ പ്രധാന മുന്നണികള്‍ക്കെതിരായ ജനവികാരം തങ്ങള്‍ക്കനുകൂലമാകുമെന്ന് ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥികളും പറയുന്നു. നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയും എസ്.ഡി.പി.ഐയും.
നിലവിലെ കക്ഷിനില
ആകെ -18
യു.ഡി.എഫ് -13
മുസ്ലിം ലീഗ് -13
എല്‍.ഡി.എഫ് -04
സി.പി.എം -03
ഇടത് സ്വതന്ത്രന് -01
പൊതു സ്വതന്ത്രന് -01
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

