വിട്ടുകൊടുക്കില്ലെന്ന് യു.ഡി.എഫ്; പിടിച്ചെടുക്കാൻ എൽ.ഡി.എഫ്
text_fieldsവാഴയൂർ: വാഴയൂരിൽ ഇടത് വലത് മുന്നണികൾ തമ്മിൽ പോരാട്ടം മുറുകുകയാണ്. എൽ.ഡി.എഫിന് ഏറെ മേൽക്കെയുള്ള പഞ്ചായത്താണ് വാഴയൂർ. 1977 ൽ ആദ്യ ഭരണസമിതി നിലവിൽ വന്നു. കഴിഞ്ഞ വർഷം കൈയെത്തും ദൂരത്തുനിന്നും നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എൽ.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും വാഴയൂരിന്റെ രാഷ്ട്രീയം എന്നും ഇടത്തോട്ടാണെങ്കിലും വലതുപക്ഷത്തെയും സ്വീകരിച്ച ചരിത്രയാണ് വാഴയൂരിനുള്ളത്.
ഗ്രാമ പഞ്ചായത്ത് രൂപവത്കൃതമായ അന്നുമുതൽ മാറി മാറി മുന്നണികൾ ഭരിക്കുന്നു. കഴിഞ്ഞ വർഷം അധികാരത്തിൽ വന്ന യു.ഡി.എഫ് ഭരണം നിലനിർത്താനും പിടിച്ചെടുക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണിയും പോരാടുമ്പോൾ വാഴയൂരിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വാശിയേറും. 17 വാർഡുകളാണുണ്ടായിരുന്നത് വിഭജനം പൂർത്തിയായതോടെ മൂന്ന് വാർഡുകൾ വർധിച്ച് 20 ആയി ഉയർന്നു.
കഴിഞ്ഞ കാലങ്ങളിലെ ഭരണനേട്ടം അക്കമിട്ട് നിരത്തിയാണ് സ്ഥാനാർഥികൾ വോട്ടഭ്യർഥിക്കുന്നത്. ബഡ്സ് സ്കൂൾ, ഗ്രാമ പഞ്ചായത്ത് നവീകരണം, കൃഷി ഭവൻ, ഹൈടെക് അംഗൻവാടികൾ, വഴിവെളിച്ചം പദ്ധതി, ഡിജിറ്റൽ സർവ്വേ, എം.സി.എഫ് കെട്ടിടം, മാതൃക സ്കൂളുകൾ എന്നിവ ഉൾപ്പെടെ ജൈവ വൈവിധ്യ മേഖലകളിൽ ഒട്ടേറെ വികസന വിപ്ലവങ്ങളുടെ കണക്കുകൾ നിരത്തിയാണ് യു.ഡി.എഫിന്റെ പോരാട്ടം. അഞ്ച് വർഷത്തിനിടെ 13 സെക്രട്ടറിമാരും, ഏഴ് എ.ഇമാരും മാറി മാറി വന്ന പഞ്ചായത്തിൽ പല വികസനങ്ങളും നടന്നിട്ടില്ലെന്ന് ഇടത് പക്ഷവും ആരോപിക്കുന്നുണ്ട്. ഭരണം തീർത്തും പരാജയമായിരുന്നുവെന്നും ഇത്തവണ മുന്നണി സംവിധാനത്തിലൂടെ ഭരണം തിരിച്ചുപിടിക്കാനാകുമെന്നുമുള്ള ശുഭ പ്രതീക്ഷയാണ് എൽ.ഡി.എഫിനുള്ളത്.
20 വാർഡുകളിലായി 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. എല്ലാ വാർഡുകളിലും എൻ.ഡി.എക്ക് സ്ഥാനാർഥികളുണ്ട്. നേരത്തെ കളിപ്പറമ്പ് സീറ്റ് എൻ.ഡി.എ സ്വന്തമാക്കിയിരുന്നു. ഇത്തവണ എട്ട് വാർഡുകളിൽ വിജയപ്രതീക്ഷ നൽകുന്നുണ്ടെന്ന് എൻ.ഡി.എ ക്യാമ്പുകൾ അവകാശപ്പെടുന്നത്. 28587 വോട്ടർമാർ വാഴയൂരിന്റെ വിധിയെഴുതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

