വൈസ് പ്രസിഡന്‍റിന്‍റെ വോട്ട് അസാധു; നറുക്കെടുപ്പ് ഭാഗ്യത്തിൽ വണ്ടൂരിൽ ഭരണം നിലനിർത്തി യു.ഡി.എഫ്
text_fieldsവണ്ടൂരിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണം നിലനിർത്താനായതിന്റെ ആഹ്ലാദത്തിൽ
പുതിയ പ്രസിഡന്‍റ് ഇ. സിത്താരക്ക് അംഗങ്ങൾ മധുരം നൽകുന്നു
വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങൾ. നിലവിലെ വൈസ് പ്രസിഡന്‍റിന്‍റെ വോട്ട് അസാധുവായതോടെയുണ്ടായ ഉദ്വേഗ നിമിഷങ്ങൾക്കൊടുവിൽ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചതോടെയാണ് യു.ഡി.എഫ് അംഗങ്ങൾക്ക് ശ്വാസം വീണത്. ഇ. സിത്താര പുതിയ പ്രസിഡന്‍റായി യു.ഡി.എഫ് തുടർ ഭരണം ഉറപ്പുവരുത്തി.
മുൻ ധാരണപ്രകാരം കോൺഗ്രസ് അംഗങ്ങൾ പ്രസിഡന്‍റ് പദവി പങ്കിടുന്നതിന്‍റെ ഭാഗമായാണ് പ്രസിഡന്‍റും കോൺഗ്രസ് അംഗവുമായ പി. റുബീന രാജിവെച്ചതും ഇ. സിത്താരയെ പുതിയ പ്രസിഡന്‍റാക്കുന്നതും. നിലവിൽ മൂന്നു വർഷം കോൺഗ്രസിനും രണ്ടു വർഷം ലീഗിനുമാണ് പ്രസിഡന്‍റ് പദവി. 23 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫ് 12, എൽ.ഡി.എഫ് 11 എന്നിങ്ങനെയാണ് കക്ഷിനില. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് തെരഞ്ഞടുപ്പ് നടന്നത്.
ബ്ലോക്ക് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ സി.ആർ. മുരളീകൃഷ്ണനായിരുന്നു വരണാധികാരി. വൈസ് പ്രസിഡന്‍റ് ഷൈജൻ എടപ്പറ്റ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ മറക്കുകയായിരുന്നു. ഇതോടെ ഇരു മുന്നണികളും ബലാബലത്തിലായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ഭാഗ്യം യു.ഡി.എഫിനെ തുണച്ചു. അങ്ങനെ ഇ. സിത്താര പ്രസിഡന്‍റായി. രണ്ടാം തവണയാണ് ഇവർ പ്രസിഡന്‍റാകുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പിലും നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അധികാരത്തിലേറിയത്. ലീഗ് അംഗവും വൈസ് പ്രസിഡന്‍റുമായ ഷൈജൽ ഒപ്പിടാൻ മറന്നത് യു.ഡി.എഫ് അംഗങ്ങളിൽ വ്യാപക അതൃപ്തിക്ക് കാരണമായി. സംഭവം വിശദമായി ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈസ് പ്രസിഡന്‍റ് പ്രതിപക്ഷവുമായി ധാരണ ഉണ്ടാക്കിയതായി വരെ യു.ഡി.എഫ് അംഗങ്ങളിൽ നിന്ന് ആരോപണമുയർന്നിട്ടുണ്ട്. ഇ. സിത്താരക്കെതിരെ എൽ.ഡി.എഫ് സ്ഥാനാർഥിയായി പി. ഷൈനി മത്സര രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

