പൂട്ട് വീണിട്ട് രണ്ട് വർഷം; എന്ന് തുറക്കും ഡി.ടി.പി.ടി ഹാൾ
text_fieldsഅടഞ്ഞുകിടക്കുന്ന കോട്ടക്കുന്നിലെ ഡി.ടി.പി.ടി ഹാൾ
മലപ്പുറം: രണ്ട് വർഷത്തിലധിമായി അടഞ്ഞ് കിടക്കുന്ന കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാൾ തുറക്കാൻ നടപടിയായില്ല. ഹാൾ ഏറ്റെടുത്ത തെരഞ്ഞെടുപ്പ് കമീഷൻ സ്ഥലത്തെ കേടുവന്ന സാമഗ്രികൾ അറ്റകുറ്റ പണികൾ നടത്തി കൈമാറാൻ താമസമെടുക്കുന്നതാണ് പ്രശ്നത്തിന് കാരണം. തെരഞ്ഞെടുപ്പ് കമീഷന്റെ സാമഗ്രികൾ സൂക്ഷിക്കാനായിട്ടാണ് ടൂറിസം വകുപ്പിന്റെ ഡി.ടി.പി.സി ഹാൾ ഏറ്റെടുത്തത്.
തുടർന്ന് സാധനങ്ങളെല്ലാം ഹാളിലേക്ക് മാറ്റി അടച്ച് സീൽ ചെയ്തു. ഇതോടെ ഹാളിന് മേലുണ്ടായിരുന്ന നിയന്ത്രണം കമീഷന്റെ ചുമതലയുമായി. കലക്ടറേറ്റിൽ തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ വെയർ ഹൗസ് നിർമാണം പൂർത്തീകരിച്ച് സാധനങ്ങളെല്ലാം അങ്ങോട്ട് മാറ്റുകയും ചെയ്തു.
എന്നാൽ, ഇത്രയും കാലം ഹാൾ തുറന്ന് പ്രവർത്തിപ്പിക്കാതെ വന്നതോടെ വാതിലുകൾ, ജനലുകൾ, ഇലക്ട്രിക് ഉപകരണങ്ങളെല്ലാം നശിച്ചു. ഇതോടെ കേന്ദ്രം ഡി.ടി.പി.സിക്ക് ഏറ്റെടുക്കുന്നതിൽ പ്രയാസം സൃഷ്ടിച്ചു. കേടുവന്ന സാധനങ്ങൾ പുനഃസ്ഥാപിച്ച് നൽകണമെന്ന് കാണിച്ച് രേഖാമൂലം ഡി.ടി.പി.സി ജില്ല കലക്ടർക്ക് പരാതിയും നൽകി.
ജില്ല ഭരണകൂടം വിഷയം പരിഹരിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് കാണിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് കത്തയക്കുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ പണം നൽകാതെ വന്നതോടെ ഹാളിന്റെ അറ്റകുറ്റപണി പൂർത്തീകരിച്ച് ഡി.ടി.പി.സിക്ക് കൈമാറാൻ കഴിയാതെ വന്നിരിക്കുകയാണ്. കേന്ദ്രം അടഞ്ഞ് കിടന്നതോടെ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് പരിപാടികൾ നടത്താനുള്ള അവസരം കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

