Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ വിമാന...

കരിപ്പൂർ വിമാന ദുരന്തത്തിന് രണ്ടാണ്ട്; പ്രതീക്ഷകൾ നിലച്ചു, തളരാതെ താജിനയും ഹിഷാമും

text_fields
bookmark_border
കരിപ്പൂർ വിമാന ദുരന്തത്തിന് രണ്ടാണ്ട്; പ്രതീക്ഷകൾ നിലച്ചു, തളരാതെ താജിനയും ഹിഷാമും
cancel

മലപ്പുറം: 2020 ആഗസ്റ്റ് ഏഴിനുണ്ടായ ദുരന്തം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി) അഞ്ചംഗ സംഘം അപകടകാരണമായി പറഞ്ഞിരുന്നത് പൈലറ്റിന്‍റെ വീഴ്ചയാണെന്നായിരുന്നു. കരിപ്പൂരിൽനിന്ന് വലിയ വിമാന സർവിസ് പുനരാരംഭിക്കുന്നതിന് തടസ്സമാകുന്ന ഗുരുതര ആരോപണങ്ങളൊന്നും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നില്ല.

ചില നിർദേശങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ ഉന്നയിച്ചത്. ഇതിൽ തൃപ്തരാകാതിരുന്ന 'ചിലർ'ഇതോടെ പുതിയ സംഘത്തെ നിയോഗിച്ചു. തുടർന്ന് വിദഗ്ധ സമിതി എന്ന പേരിൽ ഒമ്പതംഗ സംഘത്തെയാണ് വ്യോമയാന മന്ത്രാലയം നിയോഗിച്ചത്. ഇവരുടെ റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന പലതും കരിപ്പൂരിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നത്.

പുതിയ നിയന്ത്രണങ്ങൾ

റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നീളം കൂട്ടുന്നതിനായി വ്യോമയാന മേഖലയിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ റൺവേ നീളം കുറക്കുക എന്നതായിരുന്നു പ്രധാന നിർദേശം. വ്യാപക പ്രതിഷേധം ഉയർന്നതോടെ ഈ തീരുമാനത്തിൽനിന്ന് പിന്നാക്കം പോയി. പകരം ഭൂമി ഏറ്റെടുത്ത് റിസ നീളം കൂട്ടാൻ അനുമതി നൽകി. അടുത്ത വർഷം ഡിസംബറിനകം പ്രവൃത്തി പൂർത്തിയായില്ലെങ്കിൽ റൺവേ നീളം കുറക്കുമെന്ന ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

നാല് ഡി ആയിരുന്നു കരിപ്പൂരിന്‍റെ എയ്റോഡ്രോം ലൈസൻസ്. ഇത് നാല് സി ആയി കുറച്ചിരിക്കുകയാണ്. ഇ ശ്രേണിയിലുള്ള വലിയ വിമാനങ്ങൾ ഒന്നര പതിറ്റാണ്ട് സർവിസ് നടത്തിയ കരിപ്പൂരിൽ സി ശ്രേണിയിലുള്ള നാരോബോഡി വിമാനങ്ങൾക്കും ചെറുവിമാനങ്ങൾക്കും മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്.

ടേക്ക്ഓഫ്, ലാൻഡിങ് സമയങ്ങളിൽ ഏപ്രൺ ടാക്സി ലെയ്നിൽ പുഷ്ബാക്ക് ചെയ്യുന്ന വിമാനമുണ്ടാകരുതെന്ന നിർദേശവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് കരിപ്പൂരിലേക്ക് സർവിസ് നടത്തുന്ന വിമാനകമ്പനികൾക്ക് തിരിച്ചടിയാകും. ഇത്തരം നിർദേശം മുന്നോട്ടുവെച്ചത് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നേരത്തേ, 1300 മീറ്ററായിരുന്ന റൺവേ വിസിബിലിറ്റി ഇപ്പോൾ 1600 മീറ്ററാക്കി വർധിപ്പിച്ചു. ഇതോടെ, പ്രതികൂല കാലാവസ്ഥയിൽ വിമാനങ്ങൾ തിരിച്ചുവിടുന്നത് വർധിക്കും. കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ എട്ട് വിമാനങ്ങൾ തിരിച്ചുവിടാൻ പുതിയ നിയന്ത്രണം കാരണമായിട്ടുണ്ട്.

റിസ നീളം കൂടും, സെന്‍റർ ലൈൻ ലൈറ്റിങ് സംവിധാനം വരും

വലിയ വിമാന സർവിസുകൾ പുനരാരംഭിക്കണമെങ്കിൽ റിസ 240 മീറ്ററായി വർധിപ്പിക്കണമെന്നാണ് നിബന്ധന. നിലവിൽ റൺവേയുടെ ഇരുവശങ്ങളിലും 90 മീറ്റർ മാത്രമാണുള്ളത്. റിസ നീളം കൂട്ടുന്നതിനായി 14.5 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനം മണ്ണിട്ട് നിരപ്പാക്കി നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഉടൻ സംസ്ഥാനം ഉത്തരവ് ഇറക്കും.

റിസ നീളം കൂട്ടുന്നതിനോടൊപ്പം റൺവേ റീകാർപ്പറ്റിങ് പ്രവൃത്തിയും നടക്കും. ഇതിനായി അടുത്ത മാസം ടെൻഡർ വിളിക്കുമെന്നാണ് സൂചന. 50 കോടിയോളം രൂപ റീകാർപ്പറ്റിങ്ങിനായി ചെലവുവരും. വിമാനാപകട അന്വേഷണ റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്ന റൺവേ സെന്‍റർ ലൈൻ ലൈറ്റിങ് സംവിധാനം റീകാർപ്പറ്റിങ്ങിനോടൊപ്പം സ്ഥാപിക്കും. പുതിയ പ്രകാശസംവിധാനം വരുന്നതോടെ ലാൻഡിങ് കൂടുതൽ അനായാസമാകും.

നേരത്തേ, ഇന്ത്യയിൽ സിംപിൾ ടച്ച് ഡൗൺ ലൈറ്റിങ് സംവിധാനം ആദ്യമായി സ്ഥാപിച്ചത് കരിപ്പൂരായിരുന്നു. ഇതോടൊപ്പം ടച്ച് ഡൗൺ സോൺ ലൈറ്റുകൾ റൺവേയിൽ പുതിയ നവീകരണത്തിന്‍റെ ഭാഗമായി സ്ഥാപിക്കും. 2023 ഡിസംബറോടെ ഈ പ്രവൃത്തികളെല്ലാം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഇതിനുശേഷം മാത്രമേ കരിപ്പൂരിൽനിന്ന് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്ന വിഷയം കേന്ദ്ര സർക്കാർ പരിഗണിക്കുകയുള്ളൂ.

ദുരിതം മറികടന്ന് പുതുജീവിതത്തിലേക്ക് നൗഫൽ

കരിപ്പൂർ: 76 ദിവസം നീണ്ട ആശുപത്രിവാസത്തിനിടയിൽ 15 ശസ്ത്രക്രിയകൾ. കരിപ്പൂർ അപകടം സമ്മാനിച്ച ദുരിതത്തിൽനിന്ന് പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പിലാണ് 38കാരനായ വയനാട് ചീരാൽ സ്വദേശി നൗഫൽ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഫൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നീണ്ട ചികിത്സയിലായിരുന്നു. നട്ടെല്ലിനായിരുന്നു പൊട്ടൽ. കൈകാലുകൾക്കും മുഖത്തുമെല്ലാം പരിക്കേറ്റിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച അടുത്തദിവസം കോവിഡ് പോസിറ്റിവായി. നെഗറ്റിവാകുന്നതിന് മുമ്പ് തന്നെ നിരവധി ശസ്ത്രക്രിയകളാണ് നടന്നത്. ഇപ്പോഴും വേദനയുണ്ടെങ്കിലും അൽപ ദൂരം നടക്കാൻ സാധിക്കുന്നുണ്ടെന്ന് നൗഫൽ പറഞ്ഞു. കാർ ഓടിക്കാനാകുന്നുണ്ട്.

അപകടം തീർത്ത പ്രതിസന്ധികളെയെല്ലാം മറികടന്ന് പ്രതീക്ഷയോടെ പുതിയ തുടക്കത്തിനൊരുങ്ങുകയാണ് നൗഫൽ. വിദേശത്ത് ജ്വല്ലറിയിൽ സെയിൽസ്മാനായിരുന്ന നൗഫൽ നാട്ടിൽ ജ്വല്ലറി തുടങ്ങുന്നതിനുള്ള ശ്രമത്തിലാണ്. പുതിയ സംരംഭത്തിൽ പിതാവും സഹോദരങ്ങളും ഒപ്പമുണ്ടെന്നും ചീരാലിൽ തന്നെയാണ് ജ്വല്ലറി തുടങ്ങുന്നതെന്നും നൗഫൽ പറഞ്ഞു.

തളരാതെ താജിനയും മകൻ ഹിഷാമും

വള്ളിക്കുന്ന്: വിമാനദുരന്തം സമ്മാനിച്ച പരിക്കുകളിൽനിന്ന് മോചനമായില്ലെങ്കിലും തളരാതെ താജിനയും മകൻ ഹിഷാമും. വള്ളിക്കുന്ന് അത്താണിക്കൽ കുട്ടിമാക്കാന്റകത്ത് അബ്ദുൽ റഷീദിന്റെ ഭാര്യയും മകനുമാണ് ഇപ്പോഴും വേദനയോട് പോരടിച്ച് നിൽക്കുന്നത്. അപകടത്തിനു ശേഷം നാട്ടിലായിരുന്ന ഇവരെ രണ്ടുമാസം മുമ്പാണ് അബ്ദുൽ റഷീദ് വിദേശത്തേക്ക് കൊണ്ടുപോയത്.

താജിനയുടെയും മകന്റെയും കാര്യങ്ങൾ നോക്കാൻ പരസഹായം ആവശ്യമാണ്. വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്. ജോലി ഒഴിവാക്കാൻ പറ്റാതെവന്നതോടെ ഇരുവരെയും ജോലിസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു റഷീദ്. വീണ്ടുമൊരു വിമാനയാത്ര ചിന്തിക്കാൻപോലും ഇവർക്ക് പേടിയായിരുന്നു. എന്നാൽ, റഷീദ് പകർന്നുനൽകിയ ധൈര്യത്തിൽ വീണ്ടും വിമാനച്ചിറകിലേറി.

അപകടം സംഭവിച്ച വിമാനത്തിൽ താജിനക്കൊപ്പം മക്കളായ മുഹമ്മദ് ഹിഷാം (12), ഹാദിയ (എട്ട്) എന്നിവരായിരുന്നു ഉണ്ടായിരുന്നത്. താജിന നാലുമാസം ഗർഭിണിയായ ആഹ്ലാദത്തിലായിരുന്നു കുടുംബം. വിമാന അപകടത്തിൽ ഗുരുതരമായ പരിക്കേറ്റതോടെ മൂന്നുപേരുടെയും ബോധം മറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ഇവരെ എത്തിച്ചത്. ഇരു കാലുകൾക്കും ഗുരുതരമായ പരിക്കേറ്റ താജിനയെ ഒരു മാസം കഴിഞ്ഞ ശേഷം വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ പ്രമുഖ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഇടതു കാൽമുട്ടിന് താഴെ മുറിച്ചുമാറ്റുകയുമായിരുന്നു. അപകടത്തിൽ ഗർഭസ്ഥ ശിശുവിനെയും ഇവർക്ക് നഷ്ടമായി.

മകൻ മുഹമ്മദ് ഹിഷാമും വേദനയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഹിഷാമിന്റെ കാൽ പൂർണമായി പൂർവസ്ഥിതിയിലാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അന്നുതന്നെ വിധിയെഴുതിയിരുന്നു. നിരവധി ശസ്ത്രക്രിയകൾ ഇതിനോടകം ചെയ്തുകഴിഞ്ഞു. അടുത്തുതന്നെ വീണ്ടുമൊരു ശസ്ത്രക്രിയക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

യു.എ.ഇയിലെ നഷ്ടപരിഹാര കേസുകൾ തീർപ്പാക്കി

ദുബൈ: കരിപ്പൂർ വിമാനദുരന്തത്തിന്‍റെ ഇരകൾക്കും മരിച്ചവരുടെ കുടുംബങ്ങൾക്കുമുള്ള യു.എ.ഇയിലെ നഷ്ടപരിഹാര കേസുകൾ തീർപ്പാക്കി. ദുരന്തത്തിന്‍റെ രണ്ടാം വാർഷികത്തിന് തൊട്ടുമുൻപാണ് യു.എ.ഇയിലെ 47 കേസുകൾ കോടതിക്ക് പുറത്ത് തീർപ്പാക്കിയത്. ഇന്ത്യയിൽ നടന്ന വിമാനാപകടത്തിന്‍റെ നഷ്ടപരിഹാരം ആദ്യമായാണ് രാജ്യത്തിന് പുറത്ത് തീർപ്പാക്കുന്നത്. 2020 ആഗസ്റ്റ് ഏഴിനാണ് ദുബൈയിൽ നിന്ന് പുറപ്പെട്ട വിമാനം കരിപ്പൂരിൽ അപകത്തിൽപെട്ട് പൈലറ്റ് അടക്കം 21 പേർ മരിച്ചത്. 169 പേർക്ക് പരിക്കേറ്റിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.31 കോടി രൂപ മുതൽ 6.23 കോടി രൂപ വരെയാണ് വിവിധ തട്ടിലായി നഷ്ടപരിഹാരം നൽകിയത്. പരിക്കേറ്റവർക്ക് 12 ലക്ഷം രൂപ മുതൽ നഷ്ടപരിഹാരം ലഭിച്ചു. നാട്ടിലെ നഷ്ടപരിഹാര കേസുകൾ കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു.

ഭൂരിപക്ഷം പേർക്കും പണം ലഭിച്ചു. ബാക്കിയുള്ളവർക്ക് ഈ മാസം തന്നെ തുക നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ ജോലികൾ പുരോഗമിക്കുകയാണ്. യാത്രക്കാരിൽ 47 പേർ യു.എ.ഇയിലും 131 പേർ ഇന്ത്യയിലും ആറ് പേർ അമേരിക്കയിലുമായിരുന്നു. വിമാനം പുറപ്പെട്ടത് യു.എ.ഇയിൽ നിന്നായതിനാൽ ദുബൈ കോടതിയെ സമീപിക്കാൻ 47 പേരുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഇതോടെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഇൻഷ്വറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷ്വറൻസിന്‍റെ നിയമകാര്യ പ്രതിനിധിയായ തമീമി ആൻഡ് കമ്പനിയും യാത്രക്കാരുടെ ലീഗൽ ഫേമായ ബെസ്റ്റ് വിൻസുമായി കോടതിക്ക് പുറത്ത് ചർച്ച നടത്തി തീർപ്പാക്കിയത്. മംഗലാപുരം വിമാനാപകടത്തിന്‍റെ നഷ്ടപരിഹാര കേസുകൾ ഇനിയും തീർപ്പാക്കാതെ തുടരുമ്പോഴാണ് കരിപ്പൂരിലേത് രണ്ട് വർഷത്തിനുള്ളിൽ തീരുമാനമായത്.

നഷ്ടപരിഹാരത്തുകയിൽ നിന്ന് 50 ലക്ഷം രൂപ മുടക്കി കൊണ്ടോട്ടിചിറയിൽ പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിർമിച്ചുനൽകാൻ ഇരകൾ തീരുമാനിച്ചിട്ടുണ്ട്. അപകടത്തിൽപെട്ടവരെ രക്ഷിച്ച കൊണ്ടോട്ടിയിലെയും പരസരത്തെയും രക്ഷാപ്രവർത്തകർക്കുള്ള സ്നേഹസമ്മാനമായാണ് ഇത് നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur air disaster
News Summary - Two years since the Karipur air disaster; Hopes stopped
Next Story