യുവാക്കളെ തട്ടിക്കൊണ്ടുപോയി കാറും ഫോണും കവർന്ന രണ്ടുപേർ അറസ്റ്റിൽ
text_fieldsകൊളത്തൂർ: യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച് കാറും മൊബൈൽ ഫോണും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നിരവധി കേസുകളിലെ പ്രതി കോഡൂര്‍ സ്വദേശി ആമിയന്‍ വീട്ടില്‍ ഷംനാദ് ബാവ എന്ന കരീംബാവ (30), പാങ്ങ് ചേണ്ടി സ്വദേശി ചെമ്മാട്ട് വീട്ടില്‍ മുഹമ്മദ് അനീസ് (29) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത്, കൊളത്തൂര്‍ സി.ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
മേയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. സാമ്പത്തിക ഇടപാടിനെ ചൊല്ലി വെങ്ങാട് സ്വദേശികളായ ഹുസൈന്, സിറാജ്, അഷറഫ് എന്നിവര്‍ കാറില്‍ വീട്ടിലേക്ക് പോവുന്ന സമയം രാത്രി പതിനൊന്നോടെ കൊളത്തൂര്‍ കുന്നത്തങ്ങാടിയില്‍ വെച്ച് തടയുകയായിരുന്നു.
രണ്ടുകാറുകളിലായി വന്ന പ്രതികള്‍ പരാതിക്കാരുടെ കാറിന് വിലങ്ങിട്ട് മൂവരെയും കാറില്‍ കയറ്റി ആമയൂര്‍, കുപ്പൂത്ത് എന്നിവിടങ്ങളില്‍ കൊണ്ടുപോയി കമ്പിവടികൊണ്ടും മറ്റും അടിച്ച് പരിക്കേല്‍പ്പിച്ചു. തുടർന്ന് പട്ടാമ്പിയിലെ ലോഡ്ജില്‍ കൊണ്ടുപോയി ഒരുദിവസം പൂട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തതായി കൊളത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയിൽ പറയുന്നു. സംഭവശേഷം വയനാട്, ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഷംനാദ് ബാവയും അനീസും കോട്ടക്കല്‍ ചങ്കുവെട്ടി ഭാഗത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഷംനാദ് ബാവയുടെ പേരില്‍ കൊളത്തൂര്‍, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ മണല്‍ക്കടത്ത് കേസുകളും പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസുകളും കൊണ്ടോട്ടി സ്റ്റേഷനില്‍ മുക്കുപണ്ടം പണയംവെച്ച കേസും, താനൂര്‍ സ്റ്റേഷനില്‍ കാപ്പ നിയമപ്രകാരമുള്ള കേസുമുണ്ട്. ഗുണ്ടആക്ട് പ്രകാരം ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റു രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

