കാല്‍നൂറ്റാണ്ടിന്റെ കുരുക്കഴിച്ചു 19 റോഡുകളുടെ പ്രവൃത്തിക്ക് വനംവകുപ്പ് അനുമതി
text_fieldsനിലമ്പൂര്‍: കാൽനൂറ്റാണ്ടായി വനം വകുപ്പിന്റെ ചുവപ്പ് നാടയിൽ കുരുങ്ങിക്കിടന്ന 19 റോഡുകളുടെയും ഒരു അംഗൻവാടിയുടെയും നിർമാണത്തിന് അനുമതിയായി. ആര്യാടന് ഷൗക്കത്ത് എം.എല്‍.എയുടെ ഇടപെടലോടെയാണ് പ്രവൃത്തിക്ക് പച്ചക്കൊടി ഉയർന്നത്. വനത്തോടുചേര്‍ന്ന ജനവാസ മേഖലയിലേക്ക് മുമ്പ് നിര്‍മിച്ച റോഡുകളുടെ നവീകരണംപോലും ഫണ്ട് അനുവദിച്ചിട്ടും വനം വകുപ്പിന്റെ എതിര്‍പ്പ് മൂലം പ്രവൃത്തി മുടങ്ങികിടക്കുകയായിരുന്നു.
വനം മന്ത്രി ഷിബു ബേബി ജോണുമായി ആര്യാടൻ ഷൗക്കത്ത് ചര്‍ച്ച നടത്തിയതോടെ പ്രശ്നപരിഹാരത്തിന് പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ. വിജയാനന്ദനെ മന്ത്രി ചുമതലപ്പെടുത്തുകയായിരുന്നു. നിലമ്പൂരിലെത്തിയ സി.സി.എഫ് സ്ഥല പരിശോധന നടത്തി. തുടർന്ന് നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരുമായി ചര്‍ച്ച നടത്തിയശേഷം അനുമതി നല്കാന് നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളിലായി 19 റോഡുകള്‍ക്കും നെടുങ്കയത്തെ ഒരു അംഗൻവാടിക്കുമാണ് വനംവകുപ്പ് നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കിയത്. 10 റോഡുകള്‍ക്ക് കൂടി അനുമതി നല്‍കുന്നത് വനംവകുപ്പിന്റെ പരിഗണനയിലാണ്.
അനുമതി നൽകിയ റോഡുകൾ:
നിലമ്പൂര്‍ നഗരസഭയിലെ മുമ്മുള്ളി വെളിയമ്പാടം റോഡ്, കോവിലകത്ത് മുറി അരളിക്കാവ് റോഡ്, കരിമ്പുഴ പനയങ്കോട് റോഡ്, കരിമ്പുഴ മുതലക്കുളി റോഡ്, വഴിക്കടവ് പഞ്ചായത്തിലെ മരുതക്കടവ് കീരിപ്പൊട്ടി വരളുണ്ട റോഡ്, മണിമൂളി നെല്ലിക്കുത്ത് റോഡ്, വെണ്ടേക്കുംപൊട്ടി വാക്കല്ലൂര്‍ റോഡ്, മഞ്ചക്കോട് കൂട്ടിലപ്പാറ റോഡ്, മുണ്ട മരത്തിന്‍കടവ് റോഡ്, വഴിക്കടവ് പുന്നക്കല്‍ വെള്ളക്കട്ട റോഡ്, ആനമറി പുന്നക്കല്‍ ബിര്‍ള റോഡ്, ഇരുള്‍കുന്ന് നടുംപൊട്ടി റോഡ്, എടക്കര പഞ്ചായത്തിലെ മുപ്പിനി പാലം അപ്രോച്ച് റോഡ്, പള്ളിപ്പടി- ചെമ്പന്‍കൊല്ലി ഉപ്പട റോഡ്, പോത്തുകല്‍ പഞ്ചായത്തിലെ കുനിപ്പാല മേലെ കുനിപ്പാല റോഡ്, ചുങ്കത്തറ പഞ്ചായത്തിലെ അമ്പലക്കുന്ന് മുണ്ടപ്പാടം റോഡ്, മുണ്ടപ്പാടം ചീക്കട്ടി റോഡ്, മുണ്ടപ്പാടം ചുള്ളിപൊയില് റോഡ്, ഫോറസ്റ്റ് നഴ്സറി ചീപ്പമ്പാടം റോഡ് എന്നിവയുടെ പ്രവൃത്തിക്കാണ് വനം വകുപ്പ് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

