മോടികൂട്ടൽ നീളുന്നു; വീർപ്പുമുട്ടി തുവ്വൂർ ടൗൺ
text_fieldsനവീകരണം നടക്കുന്ന തുവ്വൂർ ടൗൺ
തുവ്വൂർ: എ.പി. അനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ പ്രവൃത്തി തുടങ്ങിയ തുവ്വൂർ ടൗൺ നവീകരണം എങ്ങുമെത്തിയില്ല. കഴിഞ്ഞ വർഷമാണ് പദ്ധതി പ്രഖ്യാപിച്ചത്. പല കാരണങ്ങളാൽ പ്രവൃത്തി തുടങ്ങിയില്ല. തുടങ്ങിയപ്പോഴാകട്ടെ വൈകാതെ നിലക്കുകയും ചെയ്തു. ജി.എൽ.പി സ്കൂൾ മുതൽ സഹകരണ ബാങ്ക് വരെയുള്ള അങ്ങാടിയാണ് 40 ലക്ഷം രൂപയിൽ കമനീയമാക്കുന്നത്. റോഡിന്റെ ഭാഗങ്ങളിൽ കട്ടപാകിയ നടപ്പാത, കൈവരി, പൂച്ചട്ടികൾ സ്ഥാപിക്കൽ എന്നിവയടങ്ങുന്നതാണ് പദ്ധതി. അഴുക്കുചാലുകൾ കീറി സ്ലാബിടൽ ഭാഗികമായി പൂർത്തിയാക്കി. പ്രവൃത്തി ഇപ്പോൾ നിർത്തിയിരിക്കുകയാണ്. ഇതിനിടെ, മറ്റൊരു ഫണ്ടിൽ ടൗണിൽനിന്നുള്ള റെയിൽവെ റോഡിന്റെ ഭാഗവും നവീകരിക്കുന്നുണ്ട്. റോഡ് കൈയേറി നിർമിച്ച കെട്ടിട ഭാഗങ്ങൾ ഒഴിപ്പിക്കാതെയുള്ള പ്രവൃത്തി വിവാദമായിരുന്നു. ഇതോടെ കൈയേറിയ ഭാഗം കൂടി ഉൾപ്പെടുത്തി. ഇതുമൂലവും പ്രവൃത്തി നീണ്ടു.
പ്രവൃത്തി മാസങ്ങൾ വൈകുന്നത് വാഹനയാത്രികർക്കും വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും പ്രയാസമാകുകയാണ്. എം.എൽ.എ ഇടക്കിടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രവൃത്തി വിലയിരുത്തുന്നുണ്ട്. എന്നിട്ടും കാര്യമായ പുരോഗതിയില്ലെന്നാണ് ആക്ഷേപം. അതേസമയം, പൂർത്തിയാക്കിയ പ്രവൃത്തികളുടെ കോടിക്കണക്കിന് തുക സർക്കാർ നൽകാത്തതിനാലുള്ള കരാറുകാരുടെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രവൃത്തി നിലക്കാൻ കാരണമെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

