ജനറൽ വാർഡിൽ അങ്കത്തിനിറങ്ങി ആദിവാസി യുവാവ്
text_fieldsഊർങ്ങാട്ടിരി: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ പോരാട്ടത്തിനിറങ്ങി ആദിവാസി യുവാവ്. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ ഓടക്കയത്താണ് മുതുവാൻ ഗോത്രവിഭാഗക്കാരനായ രാമകൃഷ്ണൻ നെല്ലിയായി സ്ഥാനാർഥിയായത്. യൂത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡൻറ് കൂടിയായ ഈ 35കാരൻ കോൺഗ്രസ് ടിക്കറ്റിൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് മത്സരത്തിനിറങ്ങുന്നത്. ഊർങ്ങാട്ടിരിയിലെ എസ്.ടി പ്രമോട്ടർ കൂടിയായിരുന്നു.
ജനറൽ സീറ്റിൽനിന്ന് ഒരു ഗോത്രവർഗ വിഭാഗക്കാരനും കേരളത്തിൽ ജനപ്രതിനിധിയായിട്ടില്ല. ചരിത്രം തിരുത്തുമെന്നാണ് രാമകൃഷ്ണൻ പറയുന്നത്. 2018ലെ ഉരുൾപൊട്ടലിൽ ഏഴ് ആദിവാസികൾ ഓടക്കയത്ത് മരിച്ചിരുന്നു. എന്നാൽ, ആദിവാസികളായതിനാൽ പുനരധിവാസ പ്രക്രിയകളും ദുരിതാശ്വാസവും വേണ്ടരീതിയിൽ നടത്താൻ സർക്കാറോ ഉദ്യോഗസ്ഥരോ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോ തയാറായില്ലെന്നും ഇത്തരം അവഗണനകളോടുള്ള പ്രതിഷേധം കൂടിയാണ് സ്ഥാനാർഥിത്വം എന്നും രാമകൃഷ്ണൻ പറയുന്നു. നെല്ലിയായി കേലൻ ചന്ദ്രെൻറയും ചിരുതയുടെയും മകനാണ്. ഭാര്യ: ദീപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

