മഞ്ചേരിയിൽ നാളെ മുതൽ ഗതാഗത പരിഷ്കാരം; പ്രധാന റോഡുകൾ ഇനി വൺവേ സംവിധാനം
text_fieldsമഞ്ചേരി: നഗരത്തിൽ ബുധനാഴ്ച മുതൽ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) തീരുമാനം. 15 ദിവസത്തേക്ക് താൽക്കാലികമായി പരിഷ്കാരം നടപ്പാക്കും. കാലാവധി തീരുന്ന മുറക്ക് ജില്ല കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തും.
ട്രയൽ റൺ വിജയകരമാണെങ്കിൽ പരിഷ്കാരം തുടരാനാണ് തീരുമാനം. 2024 ഫെബ്രവരി ഒന്നിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങളിൽ ചിലത് അംഗീകരിക്കുകയും ഭേദഗതികൾ വരുത്തിയുമാണ് പുതിയ പരിഷ്കാരം. മഞ്ചേരിയിലൂടെ കടന്നുപോകുന്ന മുഴുവൻ ബസുകളും സെൻട്രൽ ജങ്ഷനിലൂടെ നഗരത്തിലെത്തുന്ന തരത്തിലാണ് പുതിയ പരിഷ്കാരം. ഇതിന് പുറമെ നഗരത്തിലെ പ്രധാന റോഡുകളിൽ വൺ വേ സംവിധാനം ആരംഭിക്കാനും നിർദേശമുണ്ട്.
ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരുന്നതും ആനക്കയം ഭാഗത്തേക്ക് തിരിച്ച് പോകേണ്ടതുമായ മുഴുവൻ ബസുകളും ഐ.ജി.ബി.ടിയിൽ നിന്ന് ഓപറേറ്റ് ചെയ്യണമെന്നായിരുന്നു റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം. എന്നാൽ ഈ ബസുകൾ തുറക്കൽ ബാപ്പുട്ടി ബൈപാസ്, മുനിസിപ്പൽ ഓഫിസ് വഴി സെൻട്രൽ ജങ്ഷനിലെത്തി അവിടെ നിന്ന് നിലമ്പൂർ റോഡിലൂടെ ജസീല ജങ്ഷനിലെത്തി സി.എച്ച് ബൈപാസ് വഴി സീതിഹാജി സ്റ്റാൻഡിലെത്തുന്നതാണ് പുതിയ രീതി.
കിഴിശ്ശേരി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കോഴിക്കോട് റോഡിലൂടെ സെൻട്രൽ ജങ്ഷനിലെത്തി ജസീല ജങ്ഷൻ, സി.എച്ച് ബൈപാസ് വഴി സീതിഹാജി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. അവിടെ നിന്ന് പാണ്ടിക്കാട് റോഡ്, മലപ്പുറം റോഡ് വഴി ഐ.ജി.ബി.ടിയിലെത്തി ഹാൾട്ട് ചെയ്യണം.
പൂക്കോട്ടൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ആദ്യം ഐ.ജി.ബി.ടി സ്റ്റാൻഡിൽ പ്രവേശിച്ച് കിഴിശ്ശേരി ബസുകൾക്ക് സമാനമായ രീതിയിൽ നഗരത്തിലൂടെ കറങ്ങി സീതി ഹാജി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. നിലവിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ ഐ.ജി.ബി.ടിയിൽ നിന്നാണ് ഓപറേറ്റ് ചെയ്യുന്നത്. ഇതിലും മാറ്റം വരുത്തി. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കോഴിക്കോട് റോഡിലൂടെ സെൻട്രൽ ജങ്ഷനിലെത്തി ജസീല ജങ്ഷൻ വഴി സി.എച്ച് ബൈപാസിലൂടെ പ്രവേശിച്ച് സീതിഹാജി സ്റ്റാൻഡിൽ കയറി പാണ്ടിക്കാട്, മലപ്പുറം റോഡ് വഴി ഐ.ജി.ബി.ടിയിൽ എത്തണം. നിലമ്പൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ജസീല ജങ്ഷൻ, സി.എച്ച്. ബൈപാസ് വഴി സീതിഹാജി സ്റ്റാൻഡിലെത്തി മലപ്പുറം റോഡിലൂടെ ഐ.ജി.ബി.ടി സ്റ്റാൻഡിലെത്തണം. പിന്നീട് തിരിച്ച് നിലമ്പൂർ ഭാഗത്തേക്ക് പോകുമ്പോൾ തുറക്കൽ ബാപ്പുട്ടി ബൈപാസ് വഴി കോഴിക്കോട് റോഡിലൂടെ സെൻട്രൽ ജങ്ഷനിലെത്തി ജസീല ജങ്ഷൻ വഴി പോകണമെന്നും പരിഷ്കാരത്തിലുണ്ട്.
2024 ഫെബ്രുവരിയിൽ നഗരത്തിൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ബസുടമകൾ ഹൈകോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനം എടുക്കാൻ ഹൈകോടതി നിർദേശിച്ചതോടെയാണ് ആർ.ടി.എ യോഗം ചേർന്ന് പുതിയ പരിഷ്കാരം നടപ്പാക്കാൻ നിർദേശിച്ചത്. അതേസമയം, പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതിനെതിരെ സ്വകാര്യ ബസുടമകളും വ്യാപാരികളും അടക്കം സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഈ റോഡുകൾ ഇനി വൺവേ
തുറക്കൽ ബാപ്പുട്ടി ബൈപാസ് ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെ
പാണ്ടിക്കാട് റോഡ് ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെ
സെൻട്രൽ ജങ്ഷനിൽ നിന്ന് ജസീല ജങ്ഷൻ വരെ
ജസീല ജങ്ഷൻ മുതൽ സി.എച്ച് ബൈപാസ് റോഡ്
കച്ചേരിപ്പടി ഐ.ജി.ബി.ടി മുതൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് മുനിസിപ്പൽ ഓഫിസ് വരെ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.