ട്രാഫിക് പരിഷ്കാരം പാളി; ചങ്ങരംകുളത്ത് ഗതാഗതക്കുരുക്ക് കൂടി
text_fieldsചങ്ങരംകുളം ടൗണിലെ ഗതാഗതക്കുരുക്ക്
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തും പൊലീസും ചേര്‍ന്ന് ചങ്ങരംകുളത്ത് നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം പാളിപ്പോയെന്നാണ് ടൗണിലെ ഗതാഗതക്കുരുക്ക് നല്കുന്ന സൂചന. പുതിയ ട്രാഫിക് പരിഷ്കാരത്തിലെ അഴിയാകുരുക്കിനെതിരെ ബസ് തൊഴിലാളികളും കച്ചവടക്കാരും രംഗത്തെത്തി.
ചങ്ങരംകുളം ടൗണിലെ കുരുക്ക് അഴിക്കാനാണ് ട്രാഫിക് നിയമങ്ങള്‍ പരിഷ്കരിച്ച് വണ്‍വേ സംവിധാനം കർശനമാക്കിയത്. എന്നാല്‍, പരിഷ്കാരം നടപ്പാക്കി തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ നിര്‍ത്തിയിട്ട് പോലും ടൗണിലും ഹൈവേയില്‍ പലപ്പോഴും കുരുക്ക് മുറുകുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ ഗതാഗതകുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
പല പ്രദേശങ്ങളിലേക്കും കടന്നുപോകാൻ വാഹനങ്ങൾ എറെ ചുറ്റി വളയേണ്ട അവസ്ഥയാണ്. ഇത് എല്ലാ ഭാഗങ്ങളിലും ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നു. ചങ്ങരംകുളം അങ്ങാടിയിൽ നരണിപ്പുഴ റോഡിലേക്ക് പോകുന്ന വാഹനങ്ങൾ ഏറെ സഞ്ചരിച്ച് പോകുന്നതും ഏറെ പ്രയാസകരമാകുന്നു. അങ്ങാടിയിൽ നിന്ന് തൃശൂർ ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും ഒരേ നിരയിൽ വാഹനങ്ങൾ കടന്നുപോകുന്നത് ഏറെ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് രണ്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വേർതിരിച്ച് വിടുന്ന പക്ഷം തിരക്ക് ഒഴിവാക്കാൻ സഹായകമാവുമെന്ന് ബസ് തൊഴിലാളികൾ പറയുന്നു.
അങ്ങാടിയിലെ ബസ് സ്റ്റാൻഡിലെ പാർക്കിങ് സ്ഥലത്ത് സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബസുകൾക്ക് തടസ്സമാവുന്നു. ഇതിന് പരിഹാരമായി ഇപ്പോഴുളള ബസ് പാർക്കിങ് തെക്കുഭാഗത്തുള്ള എതിർദിശയിലേക്ക് മാറ്റിയാൽ പരിഹാരമാകുമെന്ന് തൊഴിലാളികൾ പറയുന്നു. ഉടൻ ഗതാഗതക്കുരുക്ക് പരിഹരിക്കാത്ത പക്ഷം ബസ് ഓട്ടം നിർത്തിവെക്കുമെന്ന് തൊഴിലാളികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. റോഡരികിലെ അനധികൃത പാര്‍ക്കിങ് നിയന്ത്രിച്ചാല്‍ ടൗണിലെ എല്ലാ റോഡിലും ഗതാഗതക്കുരുക്കിന് പരിധി വരെ പരിഹാരം കാണാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

