വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും കാറും കവര്‍ന്ന സംഭവം: പ്രധാന പ്രതി അറസ്റ്റില്‍
text_fieldsപ്രതിയുമായി പൊലീസ് സംഘം എടപ്പാളിലെ ലോഡ്ജിൽ തെളിവെടുപ്പ് നടത്തുന്നു
എടപ്പാൾ: ചാലിശ്ശേരി സ്വദേശിയായ അടക്കവ്യാപാരിയെ തട്ടിക്കൊണ്ടു പോയി മർദിച്ച് 22 പവന് സ്വര്‍ണവും കാറും കവര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. വെളിയംകോട് സ്വദേശി തണ്ണിതുറക്കല്‍ ഷംനാദിനെയാണ് (32) അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഷംനാദിനെ മറ്റൊരു സാമ്പത്തിക ഇടപാട് കേസിലും രാജ്യദ്രോഹ കേസിലും കൊച്ചിയില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ ചങ്ങരംകുളം എസ്.െഎ ഹരിഹരസൂനു, എസ്.െഎ വിജയന് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയിലെത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ആദ്യം എടപ്പാള്‍ അണ്ണക്കംപാട് സ്വകാര്യ ലോഡ്ജിലും പിന്നീട് വയനാട് വടുവഞ്ചാലിലെ റിസോര്‍ട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ മുഖ്യ പ്രതികളടക്കം എട്ടുപേരെ പ്രത്യേക അന്വേഷണ സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ 29നാണ് ചാലിശ്ശേരി സ്വദേശിയും ചങ്ങരംകുളത്തെ അടക്കവ്യാപാരിയുമായ ചാലിശ്ശേരി തോഴത്ത് ഷിജോയിയെയും സുഹൃത്ത് പാളിക്കാട്ടില്‍ ഖാദറിനെയും മുഖ്യപ്രതിയും ആല്‍ബം സംവിധായകനുമായ ഷഹീര്‍ഷായുടെയും നവാസിെൻറയും ഷംനാദിെൻറയും നേതൃത്വത്തിലുള്ള സംഘം ആല്‍ബത്തില്‍ അഭിനയിക്കാനെന്ന വ്യാജേനെ തട്ടിക്കൊണ്ടുപോയത്.
എടപ്പാള്‍ പാലപ്രക്കടുത്ത് ലൗലി കോര്‍ണറില്‍ ലൊക്കേഷന്‍ പരിചയപ്പെടുത്തിയ ശേഷം അണ്ണക്കംപാട് സാഗര്‍ ലോഡ്ജില്‍ എത്തിച്ചു. തുടർന്ന് മുന്‍ ബിസിനസ് പങ്കാളിയായ ചാലിശ്ശേരി സ്വദേശിക്ക് മൂന്നര കോടി രൂപ നല്‍കാനുണ്ടെന്നും അത് നല്‍കണമെന്നും പറഞ്ഞ് 20 പേരടങ്ങിയ സംഘം ഭീഷണിപ്പെടുത്തി. വഴങ്ങാതിരുന്ന ഷിജോയിയെ കെട്ടിയിട്ട് മർദിക്കുകയും മയക്കുഗുളിക കൊടുത്ത് വയനാട്ടേക്ക് തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
പിന്നീട് ഷിജോയിയുടെ ശരീരത്തിലുണ്ടായിരുന്ന 22 പവന് സ്വര്‍ണവും ഡയമണ്ട് മോതിരം, വാച്ച്, ആഡംബര കാർ അടക്കം 36 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കവര്‍ച്ച ചെയ്ത ശേഷം അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നാട്ടില്‍ ഇറക്കിവിടുകയായിരുന്നു.
കാണാനില്ലെന്ന് കാണിച്ച് ഷിജോയിയുടെ വീട്ടുകാര്‍ ചാലിശ്ശേരി പൊലീസിന് നല്കിയ പരാതി പിന്നീട് ചങ്ങരംകുളം പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.