ഇന്ന് ലോക സാക്ഷരത ദിനം; അച്ചമ്പാട്ട് സുബ്രഹ്മണ്യൻ നാടിന്റെ അക്ഷര ദീപം
text_fieldsപരപ്പനങ്ങാടി: മൂന്നര പതിറ്റാണ്ടിലേറെയായി സാക്ഷരതാ യജ്ഞത്തിൽ മുൻനിര പോരാളിയായി സേവനം തുടരുന്ന അച്ചമ്പാട്ട് സുബ്രഹമണ്യൻ എന്ന മണിക്ക് അക്ഷരവെളിച്ചമാണ് ഏറ്റവും വിലപ്പെട്ട മൂലധനം. തുല്യത പഠന രംഗത്തും കാഴ്ചപരിമിതിയുള്ളവരെ അക്ഷരം പഠിപ്പിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു.
വിജ്ഞാനം വെളിച്ചം പരത്താത്ത, അന്ധവിശ്വാസങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളായ പാവങ്ങളുടെ കുടിലുകളിലാണ് സുബ്രഹമണ്യൻ അക്ഷര വെളിച്ചം പകർന്നത്. പിച്ചവെക്കാൻ പഠിപ്പിച്ച കാരണവന്മാരെ ഏഴാം ക്ലാസ് തുല്യത പഠിതാക്കളാക്കിയും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി തുടങ്ങിയ നാഴികക്കല്ലുകൾ കടത്തിയും നാടിനെ അറിവിന്റെ ലോകത്തേക്ക് നയിച്ചു. അക്കൂട്ടത്തിൽ പഴയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുൾപ്പെടെ ഒട്ടേറെ ജനപ്രതിനിധികളുണ്ട്.
‘ആണോ പെണ്ണോ ആയിക്കോട്ടെ.... ആവുന്നത്ര പഠിച്ചോട്ടെ...’’-എന്നതായിരുന്നു ഒരു കാലഘട്ടത്തിന്റെ മുദ്രാവാക്യമെന്ന് സുബ്രഹ്മണ്യൻ ഓർത്തെടുക്കുന്നു. ഒരിക്കൽ മുങ്ങത്താംതറ കോളനിയിലെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ജമീല പഠിതാക്കളോട് പ്രയാസങ്ങൾ അന്വേഷിച്ചപ്പോൾ ‘ഋ’ എന്ന അക്ഷരം കൊണ്ടാണ് കുടുങ്ങിയതെന്നും ആ അക്ഷരം എന്തിനാണെന്നും കാളി എന്ന പഠിതാവ് പരാതിപ്പെട്ട ഓർമയും സാക്ഷരത ഇൻസ്ട്രക്റായിരുന്ന സുബ്രഹ്മണ്യന്റെ മനസിലുണ്ട്. ദലിത് ലീഗ് നേതാവ് കൂടിയാണ് സുബ്രഹ്മണ്യൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

