ബജറ്റിൽ തിരൂരിന് നിരാശ
text_fieldsതിരൂർ: 2026-‘27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ തിരൂരിന് നിരാശ. ബജറ്റിൽ തിരൂർ നിയോജക മണ്ഡലത്തിന് ലഭ്യമായത് ഏഴര കോടി രൂപയുടെ പദ്ധതി മാത്രമാണ്. ഇതിൽ തിരൂർ തുഞ്ചൻ പറമ്പിൽ നിർമിക്കാനുദ്ദേശിക്കുന്ന എം.ടി സ്മാരകം ഉൾപ്പെടെ ആകെ മൂന്ന് പദ്ധതികൾക്കാണ് ബജറ്റിൽ തുക അനുവദിച്ചിരിക്കുന്നത്.
എം.ടി. വാസുദേവൻ നായർ സ്മാരകത്തിന് ഒന്നരക്കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ എം.ടി സ്മാരകത്തിന് ആദ്യപടിയായി അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ ഒന്നര കോടി രൂപക്കാണ് ഇത്തവണത്തെ ബജറ്റിൽ അനുമതി നൽകിയിരിക്കുന്നത്.
കൂടാതെ, തലക്കാട്, തിരുനാവായ, വളവന്നൂർ, കൽപകഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടാൽ-തെക്കൻ കുറ്റൂർ റോഡ് നവീകരണത്തിന് മൂന്ന് കോടി രൂപയും ആതവനാട് പഞ്ചായത്തിൽ പാറപ്പുറം-മർകസ് റോഡ് നവീകരണത്തിന് മൂന്ന് കോടി രൂപയുമാണ് ബജറ്റിൽ അനുമതി നൽകിയിരിക്കുന്നത്. 163.5 കോടി രൂപയുടെ പദ്ധതി നിർദേശമാണ് കുറുക്കോളി മൊയ്തീൻ എം.എൽ.എ സമർപ്പിച്ചിരുന്നത്.
തിരൂരിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിരവധി പദ്ധതികൾ സമർപ്പിച്ചിട്ടും ബജറ്റിൽ അവഗണന നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും രണ്ടാം പിണറായി സർക്കാറിന്റെ അവസാനത്തെ ബജറ്റിൽ പോലും തിരൂരിന് അർഹമായ പരിഗണന നൽകാത്തത് പ്രതിഷേധാർഹമാണെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.
ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി വി.എച്ച്.എസ്.സി ബ്ലോക്ക് നിർമാണം -ഒരു കോടി, വി.എച്ച്.എസ്.എസ് പറവണ്ണ വി.എച്ച്.എസ്.സി ബ്ലോക്ക് നിർമാണം -ഒരു കോടി, ജി.എം.യു.പി സ്കൂൾ പറവണ്ണ കെട്ടിട നിർമാണം -1.5 കോടി, ജി.എം.എൽ.പി സ്കൂൾ കല്പകഞ്ചേരി കെട്ടിട നിർമാണം -1.5 കോടി, വെട്ടത്തും വളവന്നൂരും സി.എച്ച്.സി കെട്ടിട നിർമാണത്തിന് ഒന്നരക്കോടി വീതം, വെട്ടം പഞ്ചായത്തിൽ ആശാൻ പടി-വൈശ്യം പാലം നിർമാണം -രണ്ട് കോടി, പൂക്കയിൽ പൂക്കൈത ബൈപ്പാസ് നിർമാണം -25 കോടി, പട്ടർനടക്കാവ് ബൈപാസ് നിർമാണം -10 കോടി, തിരൂർ കുട്ടികളത്താണി റോഡ് നവീകരണം -10 കോടി, വെട്ടം പഞ്ചായത്ത് മിനി ഹാർബർ നിർമാണം -എട്ട് കോടി, കൽപകഞ്ചേരി പഞ്ചായത്ത് പറവന്നൂർ മിനി സ്റ്റേഡിയം നവീകരണം -ഒരു കോടി, തിരൂർ നഗരസഭയിലെ കാക്കടവ് പാലം നിർമാണം -അഞ്ച് കോടി, വെട്ടം ചീർപ്പ് പാലം നിർമാണം -എട്ട് കോടി, ആതവനാട് പഞ്ചായത്ത് കാവുങ്ങൽ പാലം, തലക്കാട് പഞ്ചായത്ത് കോലുപാലം, കട്ടച്ചിറ പാലം, വെട്ടം പഞ്ചായത്ത് തീണ്ടാപടി പാലം എന്നിവ നിർമിക്കാൻ 28 കോടി, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം ബലിതർപ്പണ കടവ് വിപുലീകരണം -മൂന്ന് കോടി, തിരൂർ-അമ്പലകുളങ്ങര മുതൽ തുഞ്ചൻ പറമ്പ് റോഡ് നവീകരണം -10 കോടി, കൽപകഞ്ചേരി പഞ്ചായത്ത് മേലങ്ങാടി തേക്കിൻപാലം റോഡ് നവീകരണം -ഒരു കോടി, തിരൂർ പുഴ നവീകരണവും ബോട്ട് സർവിസ് ആരംഭിക്കലും -10 കോടി, തിരൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ഗാരേജും -15 കോടി, മലബാർ സ്വതന്ത്ര സ്മാരക മ്യൂസിയം നിർമാണം -10 കോടി തുടങ്ങിയവയായിരുന്നു എം.എൽ.എ തിരൂരിനായി സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ. 100 രൂപ ടോക്കൺ മണി മാത്രമാണ് ഈ പദ്ധതികൾക്കായി ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്.
മാനേജ്മെന്റ് കൈയൊഴിഞ്ഞ ചിറക്കൽ കെ.പി.എൻ.എം, കോർമന്തല സ്കൂളുകൾക്ക് 10 കോടി അനുവദിച്ച് മന്ത്രി
- സ്ഥലം വാങ്ങാനും പുതിയ കെട്ടിടം നിർമിക്കാനുമാണ് തുക വകയിരുത്തിയത്
താനൂർ: അവകാശ തർക്കത്തെ തുടർന്ന് മാനേജ്മെന്റ് കൈയൊഴിഞ്ഞ് ശോച്യാവസ്ഥയിലായ ചിറക്കൽ കെ.പി.എൻ.എം.യു.പി, കോർമന്തല എ.എം.എൽ.പി സ്കൂളുകൾക്ക് കെട്ടിടം പണിയാൻ ബജറ്റിൽ ഫണ്ടനുവദിച്ച് മന്ത്രി. വി. അബ്ദുറഹിമാൻ. മാനേജ്മെന്റ് തർക്കത്തെ തുടർന്ന് ഇതിനകം തന്നെ പ്രവർത്തനം സർക്കാർ ഏറ്റെടുത്ത താനൂരിലെ ഈ രണ്ട് സ്കൂളുകൾക്കും സ്ഥലം ഏറ്റെടുക്കാനും കെട്ടിട നിർമാണത്തിനുമാണ് 10 കോടി രൂപ അനുവദിച്ചത്. സ്കൂൾ നടത്തിപ്പിന്റെ താൽക്കാലിക ചുമതല താനൂർ എ.ഇ.ഒക്ക് നൽകിയിരുന്നു. കെട്ടിടങ്ങളുടെ അറ്റകുറ്റ പണികൾ യഥാസമയം നടത്താതിരുന്നതും മതിയായ ബെഞ്ച്, ഡെസ്ക്, ബ്ലാക്ക് ബോർഡ്, മേശ, കസേര തുടങ്ങിയവ ഇല്ലാതിരുന്നതും പ്രാഥമിക ആവശ്യങ്ങൾക്കുള്ള മതിയായ സൗകര്യങ്ങൾ സ്കൂളിൽ ഇല്ലാത്തതിനാലും കുട്ടികൾ കൊഴിഞ്ഞു പോകുന്ന സാഹചര്യമുണ്ടായി.
പട്ടികജാതി വിഭാഗങ്ങളിലും മത്സ്യതൊഴിലാളി വിഭാഗങ്ങളിലുംപെട്ട വിദ്യാർഥികളാണ് ചിറക്കൽ കെ.പി.എൻ.എം സ്കൂളിൽ ഉള്ളതെങ്കിൽ കോർമ്മന്തല എ.എം.എൽ.പി സ്കൂളിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രമാണ് പഠിക്കുന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന സ്കൂളുകൾക്ക് നവോന്മേഷം നൽകുന്നതാണ് ബജറ്റ് പ്രഖ്യാപനം.
തുടർ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി. അബ്ദുറഹിമാൻ അറിയിച്ചു.
താനൂരിന് നേട്ടമായി പുതിയ സബ്ട്രഷറി
താനൂർ: സംസ്ഥാന ബജറ്റിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ മണ്ഡലമായ താനൂരിന് പുതിയ സബ്ട്രഷറി നിർമിക്കാൻ രണ്ട് കോടി വകയിരുത്തിയത് നേട്ടമായി. കൂടാതെ മാനേജ്മെന്റ് കൈയൊഴിഞ്ഞ ചിറക്കൽ കെ.പി.എൻ.എം.യു.പി, കോർമന്തല എ.എം.എൽ.പി സ്കൂളുകൾക്ക് സ്ഥലം വാങ്ങാനും കെട്ടിടം നിർമിക്കാനും 10 കോടി, 10 അംഗൻവാടികൾക്ക് കെട്ടിടം നിർമിക്കാൻ രണ്ട് കോടി, പൊന്മുണ്ടം, നിറമരുതൂർ പഞ്ചായത്തുകൾക്ക് പുതിയ ഓഫിസ് കെട്ടിടങ്ങൾ നിർമിക്കാൻ 10 കോടി എന്നിവയും ബജറ്റിൽ അനുവദിച്ചു. എന്നാൽ പ്രതീക്ഷയോടെ കാത്തിരുന്ന പല പദ്ധതികൾക്കും ഇത്തവണ തുക വകയിരുത്താതിരുന്നത് നിരാശയായി.
പൊന്മുണ്ടത്തും നിറമരുതൂരിലും പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം
താനൂർ: പൊന്മുണ്ടത്തും നിറമരുതൂരിലും പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കാൻ ബജറ്റിൽ തുക വകയിരുത്തിയതായി മന്ത്രി വി. അബ്ദുറഹിമാൻ. സാധാരണക്കാർക്ക് എത്തിപ്പെടാൻ പ്രയാസം അനുഭവിക്കുന്ന പൊന്മുണ്ടം പഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അഞ്ചു കോടി രൂപയാണ് അനുവദിച്ചത്. വൈലത്തൂരിലെ മാർക്കറ്റ് കെട്ടിടത്തിലെ രണ്ടാം നിലയിലാണ് നിലവിൽ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഏതൊരാൾക്കും ഓഫിസ് സേവനങ്ങൾ ലഭ്യമാകാൻ സഹായകമാകും.
നിറമരുതൂർ പഞ്ചായത്ത് ഓഫിസിനും അഞ്ചു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുക. 25 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം ഒഴിവാക്കി ആധുനിക രീതിയിലുള്ള സൗകര്യങ്ങളോടു കൂടിയാണ് കെട്ടിടം ഒരുക്കുകയെന്നും തുടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

