സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം; ഒപ്പനയിൽ ‘സോജ രാജകുമാരി’
text_fieldsകേൾവിപരിമിതർക്കുള്ള ജൂനിയർ വിഭാഗം ഒപ്പന മത്സരത്തിൽ കാലിക്കറ്റ് എച്ച്.എസ്.എസ് ഫോർ ഹാൻഡികാപ്ഡ് കൊളത്തറ സ്കൂളിലെ വിദ്യാർഥികൾക്ക് ചുവടുകൾ പറഞ്ഞുകൊടുക്കുന്ന അധ്യാപിക സോജ സഹ്റ
തിരൂർ: ‘‘ആറു മാസം ഗർഭിണിയാണെന്നു കരുതി മാറിനിൽക്കാനാകില്ലല്ലോ, ഇവരും എന്റെ മക്കൾതന്നെ അല്ലേ?’’ -കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഹാൻഡികാപ്പ്ഡ് കൊളത്തറയിലെ കോമോഴ്സ് അധ്യാപിക സോജ സഹറയുടെ വാക്കുകളാണിത്. കോഴിക്കോട് അരക്കിണർ സ്വദേശിനിയാണ് സോജ.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ പങ്കെടുത്ത സ്കൂളിലെ രണ്ട് ടീമുകളെയും പരിശീലിപ്പിച്ചതും സോജ തന്നെയാണ്. രണ്ടു വർഷം മുമ്പാണ് താൽക്കാലിക അധ്യാപികയായി സോജ സ്കൂളിൽ ജോലിക്കെത്തിയത്. കഴിഞ്ഞ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിലും സ്കൂളിലെ രണ്ട് ഒപ്പന ടീമുകളെ പരിശീലിപ്പിച്ചത് സോജ തന്നെയായിരുന്നു. കഴിഞ്ഞ വർഷത്തിൽ സദസ്സിന് മുന്നിൽ വെച്ച് ഒപ്പനപ്പാട്ടിനനുസരിച്ച് ഭാവവും ശരീരചലനവുമായി സമൂഹമാധ്യമങ്ങളിലും സോജ വൈറലായിരുന്നു. പഠനകാലത്ത് ഒപ്പന, നാടകം, മോണോആക്ട് എന്നീ വിഭാഗങ്ങളിൽ മത്സരിക്കുകയും ചെയ്തിരുന്നു.
നാലു മാസം ഗർഭിണിയായിരിക്കെയാണ് ഇത്തവണ ടീമിന് പരിശീലനം നൽകിയത്. കുട്ടികളെല്ലാം കേൾവി പരിമിതിയുള്ളവരായതിനാൽ ടീച്ചറുടെ ശരീരഭാഷയാണ് അവരുടെ ഏക ആശ്രയം. പ്രവാചക പോരിശകളോടെ തുടങ്ങി ഫാത്വിമ ബീവി അലിയാർ തങ്ങളുടെ മംഗല്യത്തോടെ അവസാനിക്കുന്നതാണ് ഒപ്പനയുടെ ഇതിവൃത്തം. പരിശീലിപ്പിച്ച രണ്ടു ടീമുകൾക്കും എ ഗ്രേഡ് ലഭിച്ചു. ബിസിനസുകാരനായ സജീറാണ് ഭർത്താവ്. മൂന്നു കുട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

