‘മാധ്യമം’ വാർത്ത ഫലംകണ്ടു; 148 അംഗൻവാടി വർക്കർമാർക്ക് നാലുദിവസത്തിനകം ശമ്പളം
text_fieldsതിരൂർ: ആലത്തിയൂരിലെ 148 അംഗൻവാടി വർക്കർമാരുടെ ശമ്പള ബിൽ ചൊവ്വാഴ്ച ട്രഷറിയിൽ സമർപ്പിച്ചു. നാലു ദിവസത്തിനകം ശമ്പളത്തുക വർക്കർമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. സി.ഡി.പി.ഒയുടെ അവധിയെ തുടർന്ന് ശമ്പള ബിൽ ട്രഷറിയിൽ സമർപ്പിക്കാനാകാതെ അംഗൻവാടി വർക്കർമാരുടെ ഓണറേറിയം മുടങ്ങിയത് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു. തുടർന്ന് ബന്ധപ്പെട്ട അധികൃതരുടെയും അഡ്വ. വി.എസ്. ജോയ് എം.എൽ.എയുടെയും ഇടപെടലാണ് നടപടികൾക്ക് വേഗം കൂട്ടിയത്.
ആലത്തിയൂർ സി.ഡി.പി.ഒ അവധിയിൽ പ്രവേശിച്ചെങ്കിലും പകരം ചുമതല മറ്റാർക്കും നൽകിയിരുന്നില്ല. ഇതോടെ ഓഫിസ് പ്രവർത്തനങ്ങൾ സ്തംഭിക്കുകയും ശമ്പളബിൽ സമർപ്പിക്കാനാകാതെ വരുകയും ചെയ്തു. ഇതോടെ പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, തിരുനാവായ പഞ്ചായത്തുകളിലെ 148 അംഗൻവാടി വർക്കർമാരുടെ ഓണറേറിയത്തിലെ ജൂൺ മാസത്തെ കേന്ദ്ര സർക്കാർ വിഹിതമായ 4,300 രൂപ ഒന്നര മാസമായി ലഭിച്ചിരുന്നില്ല.
ജില്ല ഓഫിസർ ശ്യാം ശങ്കർ ആലത്തിയൂർ അഡീഷനൽ ഐ.സി.ഡി.എസ് ഓഫിസിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും പൊന്നാനി അഡീഷനൽ സി.ഡി.പി.ഒ ബീനക്ക് അധിക ചുമതല നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ശമ്പളബിൽ ചൊവ്വാഴ്ചതന്നെ തിരൂർ ട്രഷറിയിൽ സമർപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

