തീരദേശത്തെ രാഷ്ട്രീയ കേസുകൾ പിൻവലിക്കാൻ ധാരണ
text_fieldsതിരൂർ: തിരൂരിലെ തീരദേശ രാഷ്ട്രീയ കേസുകൾ പിൻവലിക്കാൻ മുസ്ലിം ലീഗിെൻറയും സി.പി.എമ്മിെൻറയും പ്രാദേശിക നേതാക്കളുടെ യോഗത്തിൽ തീരുമാനമായി. തിരൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിൽ തീരദേശത്തെ യുവതീയുവാക്കളെ സർക്കാർ ഉദ്യോഗങ്ങളിലെത്തിക്കാൻ തുടക്കം കുറിച്ച ഇൻസൈറ്റ് തിരൂരിെൻറ പൂർത്തീകരണത്തിനാണ് ഇരുവിഭാഗം നേതാക്കളുടെയും നേതൃത്വത്തിൽ പ്രഥമ യോഗം ചേർന്ന് തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ രാഷ്ട്രീയ കേസുകൾ കൈകാര്യം ചെയ്യുന്ന ഇരു വിഭാഗത്തിെൻറയും വക്കീലുമാരുമായി ആലോചിച്ച് കേസിെൻറ സ്ഥിതിഗതികൾ വിലയിരുത്തും.
തുടർന്ന് ഇരു രാഷ്ട്രീയ കക്ഷികളുടെയും സംസ്ഥാന നേതാക്കളെ കേസുകൾ പിൻവലിക്കുന്നതിെൻറ ആവശ്യകതയും സാഹചര്യവും ബോധ്യപ്പെടുത്തും. തുടർന്ന് അവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നിയമപരമായി ഒത്തുതീർപ്പിന് വേണ്ട നടപടികൾ കൈക്കൊള്ളും. പിന്നീട് കോടതിയിൽനിന്ന് ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്ത് കേസുകൾ പിൻവലിച്ച് തീരത്തെ നിലവിലെ സൗഹൃദാന്തരീക്ഷം നിലനിറുത്തും. തീരത്ത് സമാധാനം ഉണ്ടാക്കാൻ 2018ൽ ലീഗ്, സി.പി.എം. നേതാക്കളുടെ നേതൃത്വത്തിൽ രൂപീകൃതമായ തീരദേശ സമാധാന കമ്മിറ്റിയുടെ നിരന്തര പ്രവർത്തനംമൂലം അതിന് ശേഷം രാഷ്ട്രീയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യോഗം വിലയിരുത്തി.
കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ താഴെത്തട്ടിലെത്തിക്കുവാൻ മേഖല, വാർഡ്തല കമ്മിറ്റികളും രൂപവത്കരിച്ചിരുന്നു. കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ സൗഹൃദ മത്സരങ്ങളും നടത്തി. സമാധാനത്തിലൂടെ തീരദേശത്തെ അഭ്യസ്തവിദ്യരെ സർക്കാർ ഉദ്യോഗതലങ്ങളിലെത്തിക്കാനാവശ്യമായ പ്രവർത്തനങ്ങളിൽ ഇരു വിഭാഗം രാഷ്ട്രീയ കക്ഷികളും നേതൃപരമായ പങ്ക് വഹിക്കും. കഴിഞ്ഞ ദിവസം നടന്ന ഓറിയേൻറഷൻ ക്ലാസ്സുകളിൽ യുവതീയുവാക്കളുടെ വൻ പങ്കാളിത്തമാണുണ്ടായത്.
ചർച്ചയിൽ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് തീരദേശ സമാധാന കമ്മിറ്റി ചെയർമാൻ കെ.പി. ബാപ്പുട്ടി, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എം. അബ്ദുല്ലക്കുട്ടി, കെ.പി. സുബൈർ, ഉസ്മാൻ വാടിക്കൽ എന്നിവരും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് സമാധാന കമ്മിറ്റി കൺവീനർ സി.പി. ഷുക്കൂർ, സി.പി.എം ജില്ല നേതാവായ കൂട്ടായി ബഷീർ, പ്രേമാനന്ദൻ, ഇ. ജാഫർ എന്നിവരും പങ്കെടുത്തു.