സഡൻ ബ്രേക്ക്...തിരൂർ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് പിൻവലിച്ചു; യാത്രക്കാർ ദുരിതത്തിൽ
text_fieldsതിരൂർ: നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമായിരുന്ന തിരൂർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സർവിസ് കെ.എസ്.ആർ.ടി.സി അപ്രതീക്ഷിതമായി പിൻവലിച്ചതോടെ യാത്രക്കാർ ദുരിതത്തിൽ. സെപ്റ്റംബർ ഏഴ് മുതലാണ് വർഷങ്ങളായി മുടക്കമില്ലാതെ സർവിസ് നടത്തിയിരുന്ന ബസ് നിർത്തിയത്. രാവിലെ അഞ്ചിന് തിരൂർ ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടിരുന്ന ബസ് എറണാകുളം ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ പ്രധാന ആശ്രയമായിരുന്നു.
റിസർവേഷൻ സംവിധാനം നിലവിൽ വരുന്നതിന് മുമ്പുതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർ പുലർച്ചെ തിരൂരിലെത്തി ഈ ബസിനെ ആശ്രയിച്ചിരുന്നു. റിസർവേഷൻ സംവിധാനം ആരംഭിച്ചതോടെ തിരൂരിൽനിന്നുതന്നെ മിക്ക ദിവസങ്ങളിലും മുഴുവൻ സീറ്റുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സ്ഥിതിയായിരുന്നു. ബാക്കിയുള്ള സീറ്റുകൾ ചമ്രവട്ടം പാലം പിന്നിടുന്നതിന് മുമ്പുതന്നെ നിറയുന്നതും പതിവായിരുന്നു.
പൊന്നാനി ഡിപ്പോയുടെ നിയന്ത്രണത്തിലായിരുന്നു സർവിസ്. ജീവനക്കാരുടെ കുറവാണ് നിർത്താനുള്ള കാരണമായി കെ.എസ്.ആർ.ടി.സി. യാത്രക്കാർക്ക് നൽകിയ വിശദീകരണം. അതേസമയം, പകരം മലപ്പുറം ഡിപ്പോയിൽനിന്ന് എറണാകുളം വരെ പുതിയ സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും പഴയ സർവീസിന് പകരമാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. വൈകിട്ട് 4.10ന് മലപ്പുറത്തുനിന്ന് പുറപ്പെടുന്ന പുതിയ ബസ് 4.30ന് കോട്ടക്കലും അഞ്ചിന് തിരൂരിലും എത്തും.
തിരൂരിലെത്തുമ്പോഴേക്കും സീറ്റുകൾ നിറയുന്ന സ്ഥിതിയാണെന്നും യാത്രക്കാർ പറയുന്നു. ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന പഴയ സർവീസ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

