കരുതലിന്റെ തണലേകി തിരൂർ ഷെൽട്ടർ ഹോം
text_fieldsതിരൂർ: ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014ലാണ് മലപ്പുറത്ത് ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലത്ത് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
2022 ഡിസംബർ പത്തിന് തിരൂരിൽ ഷെൽട്ടർ ഹോം പുനരാരംഭിച്ചു. 12 ഗാർഹിക പീഡന പരാതികളും ഏഴ് കുടുംബ പ്രശ്നപരാതികളും ഒമ്പത് അഭയം ആവശ്യപ്പെട്ട പരാതികളും 11 കൗൺസലിങ് കേസുകളുമാണ് ഇതുവരെ ഷെൽട്ടർ ഹോമിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 18 പരാതികൾ തീർപ്പാക്കുകയും ഒരു പരാതി ലീഗൽ കൗൺസിലർക്ക് റഫർ ചെയ്യുകയും ചെയ്തു. അല്ലാത്തവ കൗൺസലിങ്, മീഡിയേഷൻ തുടങ്ങിയ നടപടിക്രമങ്ങളിലാണ്. ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയുമ്പോൾ മൊത്തം 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കുമാണ് ഹോമിൽ അഭയം നൽകിയത്. നിലവിൽ 11 അന്തേവാസികൾ ഇവിടെയുണ്ട്.
അമ്മയോടൊപ്പം എത്തുന്ന കുട്ടികൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയോട് കൂടിയാണ് അഭയം നൽകുന്നത്. ഗാർഹിക പീഡനത്തിനിരയായ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിക്കുക.
അമ്മമാരോടൊപ്പം 12 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും ഇവിടെ താമസിക്കാം. ഒരേസമയം 30 പേർക്ക് വരെ അഭയം നൽകാനുള്ള സൗകര്യം ഷെൽട്ടർ ഹോമിലുണ്ട്. അഭയം ആവശ്യപ്പെട്ട് ഷെൽട്ടർ ഹോമിൽ എത്തുന്നവർക്ക് രണ്ടുവർഷം വരെയാണ് അഭയം നൽകുന്നത്.
ഗാർഹിക അതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ ഭാഗമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് സംസ്ഥാനതലത്തിൽ സന്നദ്ധ സംഘടനകൾ വഴി നടപ്പാക്കി വരുന്ന പദ്ധതിയാണ് ഷെൽട്ടർ ഹോം. പദ്ധതിയിലൂടെ സൗജന്യ ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം, വൊക്കേഷനൽ ട്രെയിനിങ്, കൗൺസലിങ്, വിദ്യാഭ്യാസം, കുടുംബത്തിലേക്ക് കൂട്ടിയോജിപ്പിക്കാനുള്ള നടപടി, നിയമ സഹായം എന്നിവ ലഭ്യമാണ്. ജില്ല കലക്ടർ, ജനപ്രതിനിധികൾ, പൊലീസ്, മറ്റു സർക്കാർ വകുപ്പുകൾ, സാമൂഹിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ഗുണഭോക്താക്കളെ ഹോമിലേക്ക് റഫർ ചെയ്യാം. കൂടാതെ ഗാർഹിക പീഡനത്തിനിരയായി സ്വമേധയാ ഷെൽട്ടർ ഹോമിലെത്തുന്നവർക്കും പ്രവേശനം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8606791532.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

