എടരിക്കോട്ട് കക്കൂസ് മാലിന്യമടക്കം തള്ളുന്നത് പൊതുനിരത്തിലേക്ക്; കെട്ടിടത്തിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം
text_fieldsഎടരിക്കോട് വൈറ്റ് സ്ക്വയർ കെട്ടിടത്തിലെ മലിനജലം പുറന്തള്ളിയിരുന്ന ഭാഗത്ത് ഉദ്യോഗസ്ഥർ
പരിശോധന നടത്തുന്നു
കോട്ടക്കൽ: എടരിക്കോട് നഗരത്തിൽ കക്കൂസ് മാലിന്യമടക്കം വർഷങ്ങളായി തള്ളുന്നത് പൊതുനിരത്തിലേക്ക്. ദുർഗന്ധം അസഹനീയമായതോടെ അന്വേഷിച്ച നാട്ടുകാരും ഉദ്യോഗസ്ഥരും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഓടയിലേക്കാണ് ഇത്രയും കാലം കെട്ടിടത്തിലെ മാലിന്യം തള്ളിയിരുന്നത്. ഇതോടെ എടരിക്കോട് വൈറ്റ് സ്ക്വയർ കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടു.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് നാട്ടുകാരുടെ പരാതിയിൽ എടരിക്കോട് പഞ്ചായത്തും ആരോഗ്യവകുപ്പും പരിശോധനക്കെത്തിയത്. തുടരന്വേഷണത്തിൽ മലിനജലം വിവിധയിടങ്ങളിൽ തളം കെട്ടിയതായി കണ്ടെത്തി. ഇതോടെ കോഴിക്കോട് റോഡിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് അഴുക്കുജലം വരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കെട്ടിടത്തിന് മുന്നിലുള്ള സ്ലാബുകൾ പൊളിക്കുകയായിരുന്നു.
ദേശീയപാതയോരത്തെ ഓവുചാലിലേക്ക് വലിയ പൈപ്പ് വഴിയാണ് മലിനജലം തള്ളിയിരുന്നത്. കോൺക്രീറ്റിൽ ദ്വാരമുണ്ടാക്കി അതിലേക്ക് പൈപ്പ് ഘടിപ്പിച്ച നിലയിലായിരുന്നു. ഹോട്ടലടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. അഴുക്കുജലം ശേഖരിക്കാനുള്ള സംവിധാനം കെട്ടിടത്തിൽ ഒരുക്കാതെ പുറത്തേക്ക് തള്ളുകയായിരുന്നെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടത്തിന് പിറകിലുള്ള മദ്റസയുടെ കിണറും മലീമസമായതായി ഉേദ്യാഗസ്ഥർ പറഞ്ഞു. വാളക്കുളം പാടശേഖരത്തേക്കാണ് മലിനജലം ഒഴുകിയെത്തിയിരുന്നത്. വലിയ ആരോഗ്യഭീഷണിക്ക് വഴിവെച്ച സംഭവത്തിൽ മറ്റു കെട്ടിടങ്ങളുടെ പരിശോധനയും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. മെഡിക്കൽ ഓഫിസർ ഡോ. കെ.സി. നഷ്റ, ഹെൽത്ത് ഇൻസ്പെക്ടർ ലൈജു ഇഗ് നേഷ്യസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

