ജങ്ഷനുകൾ സ്പോൺസർഷിപ്പിലൂടെ സൗന്ദര്യവത്കരിക്കാൻ നഗരസഭ
text_fieldsമലപ്പുറം: നഗരത്തിലെ എട്ട് പ്രധാന ജങ്ഷനുകൾ സ്പോൺസർഷിപ്പിലൂടെ സൗന്ദര്യവത്കരിക്കാൻ പദ്ധതിയുമായി നഗരസഭ. സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ വഴിയാകും സൗന്ദര്യവത്കരിക്കുക. ഇവരുമായി കരാറിലേർപ്പെട്ട് ഓരോ സ്ഥലങ്ങളും അഞ്ച് വർഷക്കാലത്തേക്കാകും നടത്തിപ്പ് ചുമതല കൈമാറുക.
കാവുങ്ങൽ ബൈപ്പാസ് ജങ്ഷൻ, കുന്നുമ്മൽ കലക്ടർ ബംഗ്ലാവിന് സമീപം ജൂബിലി റോഡ് ജങ്ഷൻ, കുന്നുമ്മൽ ഡി.ടി.പി.സി ഓഫിസ് ഡിവൈഡർ പ്രദേശം, കോട്ടപ്പടി ജങ്ഷൻ, കോട്ടപ്പടി പൊലീസ് സ്റ്റേഷൻ ജങ്ഷൻ, കിഴക്കേത്തല ജങ്ഷൻ, കിഴക്കേത്തല മുതൽ മച്ചിങ്ങൽ ജങ്ഷൻ വരെ, മുണ്ടുപറമ്പ് ജങ്ഷൻ എന്നിവിടങ്ങളാണ് സൗന്ദര്യവത്കരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ കോട്ടപ്പടി ജങ്ഷനിലും കിഴക്കേത്തല ജങ്ഷനിലും പദ്ധതി നടപ്പാക്കാൻ തയാറായി രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ രംഗത്തുവന്നിട്ടുണ്ട്.
കോട്ടപ്പടിയിൽ സ്വകാര്യ ട്രെയ്ഡിങ് കമ്പനിയും കിഴക്കേതലയിൽ സ്വകാര്യ കണ്ണാശുപത്രിയുമാണ് രംഗത്ത് വന്നിട്ടുള്ളത്. ഈ സ്ഥാപനങ്ങളുമായി നഗരസഭ കരാർ വെക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇനി ആറ് കേന്ദ്രങ്ങളിൽ കൂടിയാണ് കരാർ നടപടികൾ ആരംഭിക്കാനുള്ളത്. ഇതിനായി താൽപര്യമുള്ള സ്ഥാപനങ്ങൾ രംഗത്തുവരുന്നതോടെ നടപടികൾ ആരംഭിക്കും. ഓരോ പ്രദേശത്തും ഏത് തരത്തിലുള്ള പദ്ധതിയാണ് നടത്തേണ്ടതെന്ന് പൊതുവായ പദ്ധതി മാതൃക നഗരസഭ തയാറാക്കി നൽകും. ഇതുപ്രകാരമാകണം സൗന്ദര്യവത്കരണം നടത്തേണ്ടത്.
കരാറിലേർപ്പെടുന്നതോടെ പദ്ധതി പ്രവർത്തനങ്ങളും അറ്റകുറ്റ പണികളുമെല്ലാം കരാറെടുത്തവരുടെ ചുമതലയിലാകും. പദ്ധതി മികച്ച പിന്തുണ ലഭിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. പദ്ധതി യാഥാർഥ്യമായാൽ നഗരത്തിന് പുതിയ മുഖച്ഛായ നൽകാൻ അധികൃതർക്ക് സാധിക്കും. നേരത്തെ കോട്ടപ്പടി ട്രാഫിക് സർക്കിളിൽ സൗന്ദര്യവത്കരണം നടപ്പാക്കിയിരുന്നെങ്കിലും അറ്റകുറ്റ പണി നിലച്ചതോടെ കാട് മൂടി നശിക്കുന്ന നിലയിലായി.
നിലവിൽ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി എം.എസ്.പി മുതൽ കിഴക്കേത്തല വരെ തെരുവ് വിളക്കുകൾ സ്ഥാപിക്കും. പി. ഉബൈദുല്ല എം.എൽ.എയുടെ ഫണ്ടിൽ 98.80 ലക്ഷം രൂപ ചെലവഹിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024-‘25 വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ച അഞ്ച് കോടി രൂപ മലപ്പുറം ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതിയും ഇതിനൊടൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

