വികസനത്തിന് വഴിനൽകി മൂന്ന് മുസ്ലിം പള്ളികൾ
text_fieldsപാത നവീകരണ ഭാഗമായി പൊളിച്ചുനീക്കാൻ ഒരുങ്ങുന്ന അരീക്കോട് വാഴയിൽ പള്ളി
അരീക്കോട്: എടവണ്ണ - കൊയിലാണ്ടി ദേശീയപാതയിലെ അരീക്കോട് അങ്ങാടിയുടെ വികസന ഭാഗമായി പൊന്നിൻ വിലയുള്ള ഭൂമി വിട്ടുനൽകി മാതൃകയാവുകയാണ് മൂന്ന് മുസ്ലിം ആരാധനാലയങ്ങൾ. വലിയ രീതിയിലുള്ള യാത്രദുരിതമാണ് അരീക്കോട് അങ്ങാടി മുതൽ പുത്തലം വരെ അനുഭവിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിെൻറ ഭാഗമായാണ് പള്ളികൾ സ്ഥലം വിട്ടുനൽകുന്നത്. ഒന്നര നൂറ്റാണ്ടായി സ്ഥിതിചെയ്യുന്ന വാഴയിൽ പള്ളിയുടെ മിക്ക ഭാഗങ്ങളും പൊളിച്ചുമാറ്റിയാണ് സ്ഥലം നൽകുന്നതെന്ന് അരീക്കോട് ജംഇയ്യതുൽ മുജാഹിദീൻ പ്രസിഡൻറ് എൻ.വി. അബ്ദുറഹ്മാൻ പറഞ്ഞു.
സമീപത്തുതന്നെ നിർമിക്കുന്ന മറ്റൊരു പള്ളിയുടെ തറക്കല്ലിടൽ കഴിഞ്ഞ ഞായറാഴ്ച പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. സമാനരീതിയിൽ നൂറുവർഷം പഴക്കമുള്ള പുത്തലം അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന മുല്ലപ്പള്ളിയും സ്ഥലം വിട്ടുനൽകി.
മുറ്റത്തുനിന്ന് രണ്ട് മീറ്റർ മുറ്റം പോകുന്നതിൽ സങ്കടമില്ലെന്ന് സെക്രട്ടറി നാണി പറഞ്ഞു. അരീക്കോട് അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അങ്ങാടിപ്പള്ളിയും സ്ഥലം വിട്ടുനൽകി. വരുമാനമാർഗമായ കെട്ടിടമുൾപ്പെടെ പൊളിച്ചുനീക്കി കൂടിയാണ് ടൗൺ ജുമാ മസ്ജിദും ദൗത്യത്തിൽ പങ്കാളികളായത്. വിവിധ കെട്ടിട ഉടമകൾ, വ്യാപാരികൾ, വൈ.എം.എ, വൈ.എം.ബി ഭാരവാഹികൾ എന്നിവരും പാത വികസനത്തിൽ സഹകരിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പി.കെ. ബഷീർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണിതെന്ന് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ.ഡി അബ്ദു ഹാജി പറഞ്ഞു.