ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പേർക്ക് ഒരേ ദിനം മാംഗല്യം
text_fieldsഹംന നിദ, ഷംന ഹുദ, ദിംന ഫിദ എന്നിവർ വരന്മാരോടൊപ്പം. മാതാപിതാക്കളും
സഹോദരനും സമീപം
മഞ്ചേരി: ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് സഹോദരങ്ങൾക്ക് ഒരേ ദിനം മാംഗല്യം. നെല്ലിക്കുത്ത് പാറക്കൽ വീട്ടിൽ മുഹമ്മദ് മുസ്തഫ-ബബിത ദമ്പതികളുടെ മക്കളാണ് വ്യാഴാഴ്ച പുതുമണവാട്ടികളായത്. ഹംന നിദ, ഷംന ഹുദ, ദിംന ഫിദ എന്നിവർ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പിറന്നുവീണത്. അന്ന് മുതൽ തങ്ങളുടെ സന്തോഷവും ദുഃഖവുമെല്ലാം മൂവരും ചേർന്നാണ് പങ്കിട്ടത്.
വിവാഹസുദിനത്തിലും അതിന് മാറ്റമുണ്ടായില്ല. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് അവർ പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചു. ധന്യമുഹൂർത്തത്തിന് സാക്ഷിയാകാൻ ബന്ധുക്കളും നാട്ടുകാരുമെല്ലാം എത്തിയിരുന്നു.
നെല്ലിക്കുത്ത് ജി.എം.എൽ.പി സ്കൂൾ, നെല്ലിക്കുത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഊണും ഉറക്കവുമെല്ലാം ഒരുമിച്ചായിരുന്ന ഇവർ ഇനി മൂന്ന് വീട്ടിലേക്ക് പോകുന്നതിന്‍റെ വിഷമത്തിലായിരുന്നു. ഇതുവരെ തങ്ങൾ പിരിഞ്ഞ് നിന്നിട്ടില്ല. അതിന്‍റെ സങ്കടമുണ്ടെന്ന് മൂവരും നിറകണ്ണുകളോടെ പറഞ്ഞു. വിവാഹത്തിന്‍റെ സന്തോഷം പങ്കുവെക്കാനെത്തിയ ബന്ധുക്കളും സന്തോഷക്കണ്ണീർ പൊഴിച്ചു.
ഇലക്ട്രീഷ്യനായ ആമക്കാട് കിടങ്ങയം മാഞ്ചീരി അസ്ലഹാണ് ഹംനയുടെ വരൻ. കേബിൾ നെറ്റ്വർക്ക് ജീവനക്കാരനായ നെല്ലിക്കുത്ത് മുക്കം മാട്ടായി ശംസീറാണ് ഷംനയുടെ ജീവിതപങ്കാളി. പ്രവാസിയായ വെള്ളുവങ്ങാട് വടക്കാങ്ങര വീട്ടിൽ കബീറാണ് ദിംനക്ക് മഹ്ർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

