എടക്കുളത്ത് മൂന്ന് കുട്ടികൾക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsതിരുനാവായ: എടക്കുളത്ത് തെരുവുനായുടെ വിളയാട്ടം. രണ്ടര വയസ്സുകാരനായ കുട്ടിയടക്കം മൂന്ന് കുട്ടികൾക്ക് കടിയേറ്റു. എടക്കുളം ചെറുകുളം സ്വദേശികളായ രഞ്ജിത്തിന്റെ മകൻ ആദിനാഥ് (രണ്ടര), ചെറുകുളത്തിൽ അബ്ദുൽ ജലീലിന്റെ മകൾ ഫാത്തിമ നിഹ മറിയം (നാല്), എൻ.പി അബ്ദുൽ ജലീലിന്റെ പേരമകൻ ഹയാസ് (നാല്) എന്നീ കുട്ടികളെയാണ് പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്ക് നേരെയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. ആദിനാഥിന് കൈയിന്റെ മസിലിനും തലക്കുമാണ് പരിക്കേറ്റത്. തെരുവു നായുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഫാത്തിമ നിഹാ മറിയത്തിന് കൈക്കാണ് കടിയേറ്റത്. ഹയാസിന്റെ ഇടത് കാലിനാണ് നായ് കടിച്ചത്. കുട്ടികളെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളെയും ആക്രമിച്ചത് ഒരേ നായ തന്നെയാണെന്ന് നാട്ടുകാർ പറഞ്ഞു.

