നിലമ്പൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ ഇങ്ങനെ
text_fieldsനിലമ്പൂർ: ഒരു നഗരസഭയും ഏഴു പഞ്ചായത്തുകളും ഉൾപ്പെടുന്ന നിലമ്പൂർ മണ്ഡലത്തിൽ 2,36,576 വോട്ടർമാരാണുള്ളത്. ഇതിൽ 1,87,335 വോട്ടുകളാണ് പോൾ ചെയ്തത്. 263 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. നിലമ്പൂർ നഗരസഭയിലും അമരമ്പലം, കരുളായി, മൂത്തേടം, ചുങ്കത്തറ, പോത്തുകല്ല്, എടക്കര, വഴിക്കടവ് പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്.
വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിൽനിന്നാണ് വോട്ടെണ്ണൽ ആരംഭിക്കുക. യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള പഞ്ചായത്താണിത്. ഒന്നുമുതൽ 46 വരെയാണ് വഴിക്കടവിലെ ബൂത്തുകളുടെ എണ്ണം. പിന്നീട് മൂത്തേടം പഞ്ചായത്തിൽ വോട്ട് എണ്ണും. 47 മുതൽ 70 വരെയാണ് മൂത്തേടത്തെ ബൂത്തുകൾ. തുടർന്ന് എടക്കരയിലെ 71 മുതൽ 97 വരെയും, പോത്തുകല്ല് പഞ്ചായത്തിലെ 98 മുതൽ 126 വരെയുള്ള ബൂത്തുകൾ എണ്ണും. ശേഷം ചുങ്കത്തറ 127 മുതൽ 161 വരെയും നിലമ്പൂർ നഗരസഭയിലെ 162 മുതൽ 204 വരെയും കരുളായി പഞ്ചായത്തിലെ 205 മുതൽ 228 വരെയും ബൂത്തുകൾ എണ്ണും. മണ്ഡലത്തിലെ അവസാന വോട്ടെണ്ണൽ അമരമ്പലത്താണ്. 229 മുതൽ 263 വരെയാണ് ഇവിടത്തെ ബൂത്തുകൾ.ആദ‍്യ പഞ്ചായത്തായ വഴിക്കടവിലെ വോട്ടെണ്ണൽ പൂർത്തിയാവുന്നതോടെ വിജയക്കാറ്റ് ഇടം, വലം ആണോ എന്ന് വ‍്യക്തമാകും.
ഏഴു മാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ കരുളായി പഞ്ചായത്തിൽ ഒഴികെ എല്ലാ പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം. നിലമ്പൂർ നഗരസഭയിൽനിന്നാണ് യു.ഡി.എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്. 3967 വോട്ടുകളാണ് നഗരസഭയിലെ ഭൂരിപക്ഷം.
അമരമ്പലം 704, ചുങ്കത്തറ 1287, പോത്തുകല്ല് 307, എടക്കര 1170, മൂത്തേടം 2067, വഴിക്കടവ് 1829 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പിൽ ഷൗക്കത്തിന് ലഭിച്ചത്. എം. സ്വരാജിന് ഭൂരിപക്ഷം ലഭിച്ച മണ്ഡലത്തിലെ ഏക പഞ്ചായത്ത് കരുളായി ആണ്. 118 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇവിടെനിന്ന് എം. സ്വരാജിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

