'വെളിച്ചം' തുണയായി; അഞ്ചു പതിറ്റാണ്ട് മുമ്പ് കാണാതായ അയ്യപ്പൻ ഇനി സ്നേഹത്തണലിൽ
text_fieldsവർഷങ്ങൾക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയ അന്തംവീട്ടിൽ അയ്യപ്പൻ
തിരൂരങ്ങാടി: അഞ്ചു പതിറ്റാണ്ട് മുമ്പ് കാണാതായ അയ്യപ്പൻ ഇനി ബന്ധുക്കളുടെയും നാട്ടുകാരുടെയും സ്നേഹത്തണലിൽ കഴിയും. 20ാം വയസ്സിൽ നാടുവിട്ട കളിയാട്ടമുക്ക് സ്വദേശി അന്തംവീട്ടിൽ അയ്യപ്പനാണ് 57 വർഷത്തിനു ശേഷം കൊടുങ്ങല്ലൂരിലെ 'വെളിച്ചം' അഗതിമന്ദിരത്തിൽനിന്ന് നാട്ടിലേക്ക് തിരിച്ച് എത്തിച്ചത്.
2019 നവംബറിൽ തൃക്കുലശേഖരപുരത്ത് അലഞ്ഞുനടന്ന അയ്യപ്പനെ ഓട്ടോ തൊഴിലാളികളും പൊലീസും ചേർന്ന് കൊടുങ്ങല്ലൂർ പുല്ലൂറ്റ് 'വെളിച്ചം' അഗതി മന്ദിരത്തിൽ എത്തിച്ചു. ഇവർ അയ്യപ്പനെ ഏറ്റെടുത്ത് സംരക്ഷിച്ചു വരുകയായിരുന്നു. ബന്ധുക്കളെ തേടുന്നതിെൻറ ഭാഗമായി അഗതിമന്ദിരം കെയർ ടേക്കർ എം.എം. അബ്ദുൽ കരീം സമൂഹ മാധ്യമത്തിൽ വിവരം നൽകി. ഈ സന്ദേശവും ഫോട്ടോയും കണ്ട പൊതുപ്രവർത്തകൻ മണക്കടവൻ സുലൈമാന് അയ്യപ്പെൻറ സഹോദരൻ ഉണ്യാമെൻറ മുഖവുമായി സാദൃശ്യം തോന്നിയതാണ് വഴിത്തിരിവായത്.
ഇത് ഉറപ്പിക്കാൻവേണ്ടി അയ്യപ്പെൻറ സമപ്രായക്കാരനായ വെളുത്തേടത്ത് മാമനും സഹോദരെൻറ മക്കളും രണ്ടു മാസം മുമ്പ് അഗതി മന്ദിരത്തിലെത്തി നേരിട്ട് കണ്ടിരുന്നു. കഴിഞ്ഞദിവസം ബന്ധുക്കളായ ഉണ്ണി, സുരേന്ദ്രൻ, വിനയൻ, രാമനാഥൻ എന്നിവരും സുലൈമാനും പൊലീസിെൻറ അനുവാദത്തോടെ അയ്യപ്പനെ ഏറ്റെടുത്തു. ഇപ്പോൾ തിരൂരങ്ങാടി കളിയാട്ടമുക്കിൽ സഹോദരെൻറ വീട്ടിലാണ്.