ജീവന്റെ തുടിപ്പുള്ള സേവന പാഠവുമായി വിദ്യാർഥിക്കൂട്ടം
text_fieldsവിദ്യാർഥികൾ ശേഖരിച്ച മരുന്നുകൾ വേർതിരിക്കുന്ന വാളക്കുളം കെ.എച്ച്.എം ഹയർ
സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി കാഡറ്റുകൾ
തിരൂരങ്ങാടി: പഠനത്തോടൊപ്പം സേവനത്തിന്റെ പുതിയ പാഠങ്ങളും പകർന്നു നൽകുകയാണ് വാളക്കുളം കെ.എച്ച്.എം ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് ടീം അംഗങ്ങൾ. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി കനിവ് മെഡികെയർ പദ്ധതി ആവിഷ്കരിച്ച് നിർധന രോഗികൾക്ക് താങ്ങാവുകയാണിവർ. വിദ്യാർഥികളുടെ വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന കാലാവധി കഴിയാത്ത അലോപ്പതി മരുന്നുകൾ ശേഖരിച്ച് ആവശ്യക്കാരായ നിർധന രോഗികൾക്ക് സൗജന്യമായി എത്തിക്കുന്നതാണ് പദ്ധതി. ജൂനിയർ റെഡ്ക്രോസ് കാഡറ്റുകളും കൗൺസിലർമാരും ചേർന്ന് 2016ൽ ചെറിയ രീതിയിൽ തുടക്കമിട്ട പദ്ധതി ഇന്ന് വിപുലമായി തുടരുകയാണ്. കാലാവധി കഴിയാത്ത മരുന്നുകൾ വിദ്യാർഥികൾ സ്കൂളിൽ സ്ഥാപിച്ച മരുന്ന് ബോക്സിൽ നിക്ഷേപിക്കും. ഇവ തെന്നല പഞ്ചായത്തിലെ പി.എച്ച്.സിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഓരോ മൂന്ന് മാസവും ഇത്തരത്തിൽ മരുന്നുകൾ എത്തിക്കുന്നു. ജെ.ആർ.സി ലീഡർ അമീനുന്നിസ, കൗൺസിലർ എ.പി. മുസ്തഫ എന്നിവരാണ് നേതൃത്വം നൽകുന്നത്.

