ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രം ‘യൂനിറ്റി’ക്ക് സ്വന്തം കെട്ടിടം വരുന്നു
text_fieldsഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രമായ യൂനിറ്റി
ഹബിനായി ആലത്തിയൂർ പഞ്ഞൻപടിയിൽ കെട്ടിട നിർമാണ പ്രവൃത്തിക്ക് തുടക്കമിട്ടപ്പോൾ
തിരൂർ: തെക്കൻ അന്നാരയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രമായ യൂനിറ്റിക്ക് ആലത്തിയൂർ പഞ്ഞൻപടിയിൽ സ്വന്തം കെട്ടിടം ഒരുങ്ങുന്നു. യൂനിറ്റി കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം ആശ്രയകേന്ദ്രത്തിലെ കുട്ടികളുടെ രക്ഷിതാക്കളായ ഉണ്ണികൃഷ്ണൻ, കുഞ്ഞുമൊയ്ദീൻ എന്നിവർ ചേർന്ന് നിർവഹിച്ചു. തിരൂർ തെക്കനന്നാരയിൽ കഴിഞ്ഞ എട്ട് വർഷമായി ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നുണ്ട്.
സാധാരണ വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഉൾപ്പെടാൻ കഴിയാത്ത ഒരായുസ്സ് മുഴുവൻ വീടുകളിൽ ഒതുങ്ങിപ്പോകേണ്ടി വരുന്ന ബുദ്ധിപരമായി പരിമിതികളുള്ള കുട്ടികളെ ചേർത്തുനിർത്തി, അവർക്ക് ജീവിതനൈപുണ്യങ്ങളും തൊഴിൽപരമായ കഴിവുകളും പരിശീലിപ്പിച്ച് സ്വയംപര്യാപ്തരാകാൻ സഹായിക്കുക എന്നതാണ് യൂനിറ്റി ഒക്യുപേഷനൽ ഹബ്ബിന്റെ ലക്ഷ്യം.
ദൈനംദിന ജീവിതനൈപുണ്യങ്ങൾ, തൊഴിൽപരിശീലനം, സാമൂഹിക ഇടപെടലുകൾ, ആത്മവിശ്വാസ വികസനം എന്നിവക്ക് മുൻഗണന നൽകി കുട്ടികളുടെ സമഗ്രവികസനമാണ് ഇവിടെ ലക്ഷ്യമിടുന്നത്.
ഓരോ കുട്ടിയുടെയും കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ് വ്യക്തിഗത പരിചരണവും പരിശീലനവും നൽകിയാണ് ഹബ് മുന്നോട്ട് പോകുന്നത്. പരിശീലന സാമഗ്രികൾ, തെറപ്പി ഉപകരണങ്ങൾ, ഭക്ഷണം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കായി നിരന്തരമായ സാമ്പത്തിക പിന്തുണ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

