തിരൂരങ്ങാടി നഗരസഭയുടെ കരാർ നിയമനത്തിൽ അഴിമതിയെന്ന് പ്രതിപക്ഷം
text_fieldsതിരൂരങ്ങാടി: നഗരസഭയിൽ ഒഴിവുവരുന്ന 13 ശുചീകരണ തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിൽ പിൻവാതിൽ നിയമന നീക്കം നടത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ വിയോജിപ്പ്.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് നൽകിയ ഉദ്യോഗാഥികളുടെ പട്ടികയിൽ ഉൾപ്പെടാത്ത നഗരസഭയിലെ ഭരണകക്ഷിയുടെ സ്വന്തക്കാരെയാണ് കഴിഞ്ഞമാസം ആറിന് നടത്തിയ അഭിമുഖ പട്ടികയിലും പിന്നീട് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിലും ഉൾപ്പെടുത്തിയിരിക്കുന്നതായി പ്രതിപക്ഷ ആരോപണം. ഈ നിയമനങ്ങളെ അംഗീകരിക്കാനാണ് നഗരസഭ സമിതി ചേർന്നത്.
ഇതിനെതിെര നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ രേഖാമൂലം വിയോജിപ്പ് അറിയിച്ചെങ്കിലും ഭരണസമിതി അവഗണിക്കുകയായിരുന്നെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് നൗഫൽ തടത്തിൽ പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങളായ ചൂട്ടൻ മജീദ്, ജാഫർ ആങ്ങാടൻ, എം. അവറാൻകുട്ടി, കെ.വി. മുംതാസ്, പി.കെ. ജൂലി, നസീന വലിയാട്ട് എന്നീ പ്രതിപക്ഷ അംഗങ്ങളാണ് ഭരണ സമിതി തീരുമാനത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയത്.

