മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണം ആരംഭിച്ചു
text_fieldsമൃതദേഹം കണ്ട സ്ഥലത്തിന് സമീപം
ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
തിരൂരങ്ങാടി: മധ്യവയസ്കെൻറ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് അറക്കൽ സ്വദേശി മുക്കോയി ശശിയുടെ (44) രണ്ടുദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം മണ്ണാർപടിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് പിറകിലെ 70 അടി താഴ്ചയിലുള്ള പറമ്പിൽ കണ്ടെത്തിയത്. സംശയം തോന്നിയതിനാൽ ശനിയാഴ്ച വിശദമായ നടപടിക്രമങ്ങൾക്കുശേഷമാണ് പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
അധികമാരും എത്തിപ്പെടാത്ത സ്ഥലത്ത് പൂർണ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടത്. മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും വസ്ത്രം കണ്ടെത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച മുതലാണ് ശശിയെ കാണാതായത്. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.
താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, തിരൂരങ്ങാടി സി.ഐ സന്ദീപ്കുമാർ, എസ്.ഐ പ്രിയൻ എന്നിവരും സ്ഥലത്തെത്തി. മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

