തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രോഗികൾക്ക് ദുരിതം തീരുന്നില്ല
text_fieldsബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവിനെ എക്സ്റേ എടുക്കുന്നതിനായി തിരൂരങ്ങാടി താലൂക്ക്
ആശുപത്രിയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോവുന്നു
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എക്സ്റേ ഫിലിം തീര്‍ന്നു. എക്സ്റേ എടുക്കാൻ തിരക്കേറിയ ചെമ്മാട് കൊടിഞ്ഞി റോഡിലൂടെ ബൈക്ക് അപകടത്തിൽ പെട്ടയാളുമായി ബന്ധു വീല്‍ചെയറില്‍ തള്ളിക്കെണ്ടുപോയത് അര കിലോമീറ്ററോളം. ബുധനാഴ്ച ഉച്ചയോടെ സ്വകാര്യ ലാബ് ലക്ഷ്യമാക്കിയാണ് വീൽചെയർ തള്ളിയത്.
താലൂക്ക് ആശുപത്രിയില്‍ ഉച്ചക്ക് ശേഷം എക്സ്റേ ഇല്ല. അതുകൊണ്ട് പുറത്ത് പോകേണ്ടി വന്നു എന്നാണ് യുവാവ് പറഞ്ഞത്. വിവരം അന്വേഷിച്ച് താലൂക്ക് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ എക്സ്റേ ഫിലിം തീർന്നു എന്നാണ് കിട്ടിയ മറുപടി.
കുടിശ്ശിക നൽകാത്തതു മൂലം എക്സ്റേ ഫിലിം നിലച്ചത് സംബന്ധിച്ച് മുമ്പ് 'മാധ്യമം'വാർത്ത നൽകിയിരുന്നു. ആശുപത്രി അധികൃതരുടെയും നഗരസഭയുടെയും അനാസ്ഥ കാരണം പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുന്ന അവസ്ഥയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന എച്ച്.എം.സി യോഗം ആശുപത്രിയിലെ സേവനങ്ങളുടെ നിരക്ക് കുത്തനെ കൂട്ടി. ഒപ്പം സേവനങ്ങളുടെ സമയവും വര്‍ധിപ്പിച്ചു. എന്നാല്‍, ഫീസ് വര്‍ധന മാത്രം നടപ്പാക്കിയ ആശുപത്രി അധികൃതര്‍ ജീവനക്കാരുടെ കുറവ് പറഞ്ഞ് സേവനങ്ങളുടെ സമയം കുറച്ചത് ജനങ്ങളുടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

