ഡോക്ടറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് പരാതി; യുവാവിനെതിരെ കേസ്
text_fieldsതിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ തിരൂരങ്ങാടി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ജനുവരി എട്ടിന് രാത്രി ഒമ്പതോടെ ആറ് വയസ്സുകാരനൊപ്പം കാഷ്വാല്റ്റിയിലെത്തിയ പിതാവിനെതിരെയാണ് കേസ്.
എന്നാൽ, ഡോക്ടറുടെ ജോലിയിലെ അപാകത ചൂണ്ടിക്കാട്ടിയതിനാണ് കേസെന്ന് പരാതി ഉയർന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടില്ലെന്നും രക്തം വാര്‍ന്നൊലിക്കുന്ന കുട്ടിയെ ചികിത്സിക്കാന്‍ പറയുക മാത്രമാണ് ചെയ്തതെന്നും യുവാവ് പറയുന്നു.
വീണ് ചുണ്ട് പൊട്ടി രക്തമൊലിക്കുന്ന മകനുമായാണ് താൻ ആശുപത്രിയിലെത്തിയതെന്ന് പിതാവ് പറഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയ തന്നോട് മുറിവ് കെട്ടുന്ന മുറിയിലിരിക്കാന്‍ പറഞ്ഞു.
ഒരു വയസ്സ് തോന്നിക്കുന്ന ചെറിയ കുട്ടിയുമായി ഒരു യുവതി ആ മുറിയിലുണ്ടായിരുന്നു. കൈവിരൽ മുറിഞ്ഞ് രക്തം വാര്‍ന്ന് ഈ കുട്ടി കരയുകയാ യിരുന്നു.
പത്ത് മിനിറ്റിലേറെ കാത്തിരുന്നിട്ടും ഡോക്ടര്‍ വരാതായതോടെ ആ കുട്ടിയുടെ കരച്ചിലൊന്ന് മാറ്റാനായെങ്കിലും ഒന്ന് പരിശോധിക്കൂവെന്ന് ഞാൻ പറഞ്ഞതോടെ ഡോക്ടര്‍ ഉച്ചത്തില്‍ സംസാരിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
ഈ കുട്ടിക്കൊപ്പം ഞാനും കരയണോയെന്നും ബോധം കെടുത്താതെ ഞാന്‍ തുന്നുമ്പോൾ ഇതിലുമധികം കരയുമെന്നും ഇല്ലെങ്കില്‍ മറ്റെവിടേക്കെങ്കിലും കൊണ്ടുപൊയ്ക്കോളൂവെന്നും ഡോക്ടർ പറഞ്ഞതോടെ സ്ത്രീ കുട്ടിയെയും കൊണ്ട് പരിശോധനക്ക് നില്‍ക്കാതെ പോയി. അതിന് ശേഷം എന്റെ മകന് മരുന്ന് എഴുതി തന്നുവിടുകയായിരുന്നു. ഈ സംഭവം പരാതിയായി സൂപ്രണ്ടിനെ അറിയിച്ചതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയതെന്ന് യുവാവ് പറയുന്നു.
അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.ജി.എം.ഒ.എ
തിരൂരങ്ങാടി: താലൂക്കാശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിലെ വനിത ഡോക്ടറെ ഡ്യൂട്ടി സമയത്ത് അസഭ്യം പറയുകയും ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടർമാർ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. രോഗിയുടെ കൂട്ടിരിപ്പുകാരൻ യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടർക്കും ജീവനക്കാർക്കും എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആശുപത്രി കാഷ്വാലിറ്റിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്യക്തിയുടെ പെരുമാറ്റം കാരണം അടിയന്തര ചികിത്സക്ക് വന്ന പല രോഗികളും വിവിധ ആശുപത്രികളിലേക്ക് പോകുകയും ഉണ്ടായി. താലൂക്കാശുപത്രിയിലെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം, ഡോക്ടർമാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരമുണ്ടാവണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രതികൾക്കെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്നും താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗമുൾപ്പെടെയുള്ള സേവനങ്ങൾ മുടക്കുമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.