ലോകകപ്പിനെ വരവേല്‍ക്കാന്‍ ചെമ്മാട് ടൗണില്‍ കപ്പിെൻറ കൂറ്റന്‍ മാതൃക
text_fieldsചെമ്മാട് സിറ്റിപാർക്ക് ഹോട്ടലിന് സമീപം
സ്ഥാപിച്ച കൂറ്റൻ ലോകകപ്പ് മാതൃക
തിരൂരങ്ങാടി: ഖത്തറില്‍ നടക്കുന്ന ഫുട്ബാൾ ലോകകപ്പിനെ വരവേറ്റ് ചെമ്മാട് ടൗണില്‍ ലോകകപ്പിന്റെ കൂറ്റന്‍ മാതൃകയൊരുക്കി വ്യാപാരി. അഞ്ചടി ഉയരവും രണ്ടടി വീതിയുമുള്ള ലോകകപ്പ് മാതൃകയാണ് ചെമ്മാട് സിറ്റി പാര്‍ക്ക് ഹോട്ടലിന് മുന്നില്‍ ഒരുക്കിയത്. ഒരാള്‍ പൊക്കത്തിലുള്ള പടുകൂറ്റന്‍ ലോകകപ്പ് മാതൃക കെ.പി.എ. മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നൗഷാദ് സിറ്റിപാര്‍ക്ക് അധ്യക്ഷത വഹിച്ചു.
തെര്മ്മാക്കോളും പ്ലാസ്റ്റർ ഓഫ് പാരീസും ഉപയോഗിച്ച് ചെമ്മാട് അമ്മു ആര്‍ട്സിലെ പ്രസാദാണ് കൂറ്റന്‍ ലോകകപ്പ് നിര്‍മിച്ചിട്ടുള്ളത്. രണ്ടാഴ്ചത്തോളം സമയമെടുത്താണ് ഇത് നിര്‍മിച്ചത്. ലോകകപ്പിനെ വരവേല്‍ക്കാന്‍ നാടെങ്ങും കൂറ്റന്‍ ഫ്ലക്സുകളും ഇഷ്ട ടീമുകളുടെ കൊടിയും ഉയരുമ്പോഴാണ് ചെമ്മാട്ട് ഫുട്ബാള്‍ പ്രേമികള്‍ക്കായി കൂറ്റന്‍ ലോകകപ്പ് നിര്‍മിച്ചത്. ചടങ്ങില്‍ കൗണ്‍സിലര്‍ ജാഫര്‍ കുന്നത്തേരി, പ്രസ് ക്ലബ് പ്രസിഡന്റ് യു.എ. റസാഖ്, ബഷീര്‍ വിന്നേഴ്സ്, ലിയാഖത്ത്, സിദ്ദീഖ് പനക്കല്‍, കെ.പി. മുന്‍സൂര്‍, പി.പി. കബീര്‍ നജ, എം. അമര്‍, മുജീബ് ദില്ദാര് എന്നിവർ സംസാരിച്ചു.

