മൂന്നിയൂർ തെക്കേപ്പാടത്ത് രണ്ടരക്കോടിയുടെ കൃഷിനാശം: നശിച്ചത് അറുപതിനായിരത്തോളം വാഴ
text_fieldsമൂന്നിയൂർ തെക്കേപ്പാടത്ത് വെള്ളം കയറി നശിച്ച വാഴകൾ
തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്തിലെ പാറക്കടവ് തെക്കേപ്പാടത്ത് രണ്ടരക്കോടിയുടെ കൃഷിനാശം. പഞ്ചായത്തിലെ 11, 12, 14 വാർഡുകൾ കൂടിച്ചേരുന്ന ഇടമാണ് തെക്കേപ്പാടം. ഒന്നര മാസമായ 60,000 വാഴകളാണ് നശിച്ചത്. വിള ഇൻഷുറൻസ് ലഭിക്കണമെങ്കിൽ മൂന്നു മാസം പ്രായമാവണം. ഒന്നര മാസമുള്ള വാഴകളായതിനാൽ കർഷകർക്ക് വിളനാശത്തിന് ഇൻഷുറൻസ് തുകയും ലഭിക്കില്ല.
25 ഏക്കർ കപ്പയും ഏക്കറുണക്കിന് പയറും ഇവിടെ നശിച്ചിട്ടുണ്ട്. 57 കർഷകരുടെ വിളകളാണ് വെള്ളം കയറി നശിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വെള്ളം കയറി തുടങ്ങിയത്. ആറുദിവസമായി കൃഷികൾ വെള്ളത്തിലാണ്. വെള്ളം കാര്യമായി കുറഞ്ഞിട്ടില്ല.
വിദേശത്തേക്ക് വരെ മൂന്നിയൂരിൽനിന്ന് നേന്ത്രവാഴക്കുലകൾ കയറ്റി അയക്കാറുണ്ട്. ഇത്തരത്തിൽ വലിയ മാർക്കറ്റ് ലക്ഷ്യം വെച്ച് കൃഷിയിറക്കിയ കർഷകർക്കാണ് വൻ നഷ്ടം ഉണ്ടായിരിക്കുന്നത്. ഇത് വരെ മുതൽമുടക്ക് മാത്രം കണക്കാക്കിയാൽ രണ്ടരക്കോടിയുടെ നഷ്ടം ഉണ്ടായതായി കർഷകർ പറഞ്ഞു. അധികൃതർ അടിയന്തരമായി ഇടപെട്ട് ധനസഹായം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.