സുരക്ഷ തോണിയുമായി പുഴയോരം വിടാതെ യാഹുട്ടി
text_fieldsഭാരതപ്പുഴയോരത്ത് സുരക്ഷ തോണിയിൽ കാത്തിരിക്കുന്ന യാഹുട്ടി
കർക്കിടക വാവും തുലാം മാസ വാവുമൊക്കെ ഇതിനിടയിൽ കടന്നുപോയി. അപ്പോഴൊക്കെ രാപ്പകൽ ജാഗരൂകനായി രക്ഷക്കായുള്ള വിളികളും പ്രതീക്ഷിച്ച് തോണിയിൽത്തന്നെ കാത്തിരിക്കുകയായിരുന്നു. വാവുത്സവങ്ങൾക്ക് സുരക്ഷ പ്രവർത്തനങ്ങൾക്കായി നാവാമുകുന്ദ ദേവസ്വം വിളിച്ചുവരുത്തുന്നതും യാഹുട്ടിയെത്തന്നെ. 14ാം വയസ്സിൽ പിതാവിനൊപ്പം മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യാഹുട്ടി വർഷങ്ങളേറെ കഴിഞ്ഞിട്ടും പുഴയുമായുള്ള സഹവാസം അവസാനിപ്പിച്ചില്ല. ഭാരതപ്പുഴയിലും തൂതപ്പുഴയിലുമെല്ലാം അപകടങ്ങൾ സംഭവിക്കുമ്പോൾ അധികൃതർ വിളിച്ചുവരുത്തുന്നതും പുഴകളുട മർമം കണ്ട ഈ മുങ്ങൽ വിദഗ്ധനെയാണ്. നാല് പതിറ്റാണ്ടിനിടയിൽ പുഴയിൽ ഒഴുക്കിൽപെട്ട നിരവധി പേരെ രക്ഷപ്പെടുത്തി. നില തെറ്റിയെത്തിയ ഒട്ടേറെ മൃഗങ്ങൾക്കും രക്ഷകനായി. മൃതദേഹങ്ങളും ഒട്ടേറെ മുങ്ങിയെടുത്ത് കരക്കെത്തിച്ചു. ന്യൂനമർദം തുടരുന്നപക്ഷം അടുത്തൊന്നും പുഴയിൽനിന്ന് കയറിപ്പോകാനാവില്ലെന്നാണ് സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കൂടിയായ യാഹുട്ടി പറയുന്നത്.