തിരുനാവായയിൽ വംശനാശ ഭീഷണി നേരിട്ട് നാടൻ മത്സ്യങ്ങൾ; ജലാശയങ്ങളിൽ പല മത്സ്യങ്ങളെയും കാണാതാവുന്നതായി പഠനം
text_fieldsതിരുനാവായ: രണ്ട് പുഴകളും നിരവധി കായലുകളും നെൽപാടങ്ങൾ ഉൾപ്പെടെ നിരവധി ജലാശയങ്ങളുള്ള തിരുനാവായ മേഖലയിൽ പല നാടൻ മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുന്നതായി പഠനം. ഇതിൽ ചില മത്സ്യങ്ങൾ പൂർണമായും ഇല്ലാതായതായി കണ്ടെത്തി. തിരുനാവായ എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടിരുന്ന ശുദ്ധജല മത്സ്യങ്ങളിൽപെട്ട മുഷി തീരെ ഇല്ലാതായതായി കണ്ടെത്തി. കണ്ണൻ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന നാടൻ വരാൽ, ആരൽ, പൂഴാൻ, ചെമ്പല്ലി, കരുതല, നാടൻ പൊരിക്ക്, നാടൻ വാള, മുള്ളൻ പ്രാച്ച്, മഞ്ഞളേട്ട തുടങ്ങിയ ശുദ്ധജല മത്സ്യങ്ങൾ ചില ഭാഗങ്ങളിൽ കുറവ് വന്നതായി കണ്ടെത്തി. പ്രജനന സമയത്തെ മീൻപിടിത്തം, അമിത രാസവള പ്രയോഗം, കായലുകളിൽ ചെറുകാടുകൾ വളർന്ന് അവയിൽ നീർനായകൾ പെരുകിയത്, വിദേശ മത്സ്യങ്ങളുടെ വർധന, ജലാശയ മാലിന്യം, നെൽപാടങ്ങളും ജലാശയങ്ങളും കുറഞ്ഞത് തുടങ്ങിയവ ഇത്തരം മത്സ്യങ്ങളുടെ കുറവിന് കാരണമായതായി കണ്ടെത്തി.
ചേരാൻ, അനാബസ്, സിലോപ്പിയ, വളർത്തു വാള, കട്ട്ല, കുയില്, നട്ടർ, ബംഗാളി കണ്ണൻ തുടങ്ങി നിരവധി മത്സ്യങ്ങൾ പുതുതായി ഇവിടത്തെ ജലാശയങ്ങളിൽ പെരുകിയിട്ടുണ്ട്. പലതും കുഞ്ഞുങ്ങളെ നിക്ഷേപിച്ചതുവഴിയും ചിലത് കഴിഞ്ഞ പ്രളയങ്ങളിൽ ഡാമിൽ നിന്നും വളർത്തുകേന്ദ്രങ്ങളിൽ നിന്നും എത്തിയതുമാണ്. നഷ്ടപ്പെടുന്ന നാടൻ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ജലാശയങ്ങളിൽ എത്തിക്കുക, ജലാശങ്ങളിലെ മലിനീകരണം തടയുക, വിദേശ മത്സ്യങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുക, പ്രജനന സമയത്തെ മീൻ പിടിത്തം പൂർണമായും നിയന്ത്രിക്കുക, ആവാസ വ്യവസ്ഥകൾ സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിന്റെ ജൈവസമ്പത്തായ ശുദ്ധ ജല മത്സ്യങ്ങൾ വരും തലമുറക്കും കൂടി ഉപകാരപ്പെടുംവിധം സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ സൽമാൻ കരിമ്പനക്കൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

