പൊലീസിന്റെ മൂക്കിന് തുമ്പത്ത് വീണ്ടും കള്ളന്മാരുടെ വിളയാട്ടം
text_fieldsതേഞ്ഞിപ്പലം: ആളില്ലാത്ത സമയത്ത് വാടകവീട്ടില്‍ കയറി പട്ടാപ്പകല്‍ 15 പവനിലധികം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അന്വേഷണം വഴിമുട്ടിനിൽക്കെ വീണ്ടും സമാന സ്വഭാവത്തില്‍ മോഷണം. സര്‍വകലാശാല ജീവനക്കാരന് കുടുംബസമേതം താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ ആളില്ലാത്ത നേരത്ത് അതിക്രമിച്ച് കയറി മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങളും 2000 രൂപയും കവര്‍ന്നു. സര്‍വകലാശാല ജീവനക്കാരനായ നസീമുദ്ദീനും കുടുംബവും താമസിക്കുന്ന ഡി 22 ക്വാര്‍ട്ടേഴ്സിലാണ് കവര്‍ച്ച. ഇവര്‍ കഴിഞ്ഞ വെള്ളിയാഴ്ച കുടുംബസമേതം സ്വദേശത്തേക്ക് പോയ സമയത്താണ് പിന്‍വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയത്. സമീപത്തെ സര്‍വകലാശാല ക്വാര്‍ട്ടേഴ്സുകളുടെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചെങ്കിലും അവിടെ നിന്ന് സ്വര്‍ണാഭരണങ്ങളോ പണമോ നഷ്ടമായില്ല. തിങ്കളാഴ്ച രാവിലെയോടെ സര്‍വകലാശാല ജീവനക്കാരും കുടുംബാംഗങ്ങളും തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. തേഞ്ഞിപ്പലം പൊലീസില്‍ നല്കിയ പരാതി പ്രകാരം വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ചൊവ്വാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. കാര്യമായ തെളിവുകള്‍ ലഭ്യമായില്ല.
തേഞ്ഞിപ്പലം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഇല്ലത്ത് സ്കൂളിന് സമീപത്ത് വാടകക്ക് താമസിക്കുന്ന ദേവതിയാല്‍ സ്വദേശി കാടശ്ശേരി വീട്ടില്‍ നായാടിയുടെ മകന് ഹരിദാസന്റെ മരുമകളുടെ 15 പവനിലധികം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അടുത്തിടെയാണ് സമാനരീതിയില്‍ കവര്‍ന്നത്. ഈ കേസിന്റെ അന്വേഷണം വഴിമുട്ടിനില്‍ക്കെയാണ് സര്‍വകലാശാല ക്വാര്‍ട്ടേഴ്സുകളില്‍ വീണ്ടും കവര്‍ച്ച നടന്നത്. ക്വാര്‍ട്ടേഴ്സുകളില്‍ നിന്ന് മുമ്പ് വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കാമ്പസിന് സമീപത്തെ വീട്ടിലും മോഷണം നടന്നിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പിനെത്തി നടപടികള്‍ പൂര്‍ത്തിയാക്കാറുണ്ടെങ്കിലും മോഷ്ടാക്കള്‍ കാണാമറയത്ത് വിലസുകയാണ്. സി.സി.ടി.വി കാമറകളില്‍ പോലും പെടാതെ അതിവിദഗ്ധമായാണ് മോഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

