മലപ്പുറം നഗരസഭയിൽ അധ്യക്ഷനും സെക്രട്ടറിയും തമ്മിൽ ബഹളം
text_fieldsമലപ്പുറം: പാണക്കാട് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചർച്ച ചെയ്യുന്നതിനിടെ നഗരസഭാധ്യക്ഷനും സെക്രട്ടറിയും തമ്മിൽ ബഹളം.
പാണക്കാട്ടെ നഗരസഭാ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റുകളെയും സ്റ്റാഫിനെയും നിയമിക്കണമെന്ന നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) ജില്ല പ്രോഗ്രാം മാനേജറുടെ കത്ത് പരിഗണിക്കവെയാണ് തർക്കം തുടങ്ങിയത്.
ആരോഗ്യ കേന്ദ്രത്തിൽ എൻ.എച്ച്.എം ജില്ല ഓഫിസ് നിയമിച്ച ജീവനക്കാരുടെ കാലാവധി അവസാനിച്ചിരുന്നു. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനു നഗരസഭ വേതനം നൽകി ജീവനക്കാരെ നിയമിക്കണമെന്ന് എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ നഗരസഭക്ക് കത്തുനൽകിയിരുന്നു. നഗരസഭ വേതനം നൽകി നിയമനം നടത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന് സർക്കാരിന് കത്തുനൽകി മറുപടി ലഭിച്ച ശേഷമേ തീരുമാനമെടുക്കാൻ സാധിക്കൂ എന്ന സെക്രട്ടറിയുടെ നിലപാടാണ് അധ്യക്ഷനെ ചൊടിപ്പിച്ചത്.
പല പദ്ധതികളും നിയമ, സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ സെക്രട്ടറി നടപ്പാക്കുന്നില്ലെന്നാണ് ഭരണസമിതി ആക്ഷേപം. അതിനാൽ ആനുകൂല്യം അർഹതപ്പെട്ടവരിൽ എത്തുന്നില്ലെന്നും ഭരണസമിതിക്ക് ആക്ഷേപമുണ്ട്.
സെക്രട്ടറി നിർവഹണോദ്യോഗസ്ഥയായ പദ്ധതികൾ പലതും പാതിവഴിയിലാണെന്നാണ് ഇവരുടെ പരാതി. എന്നാൽ പദ്ധതി നിർവഹണത്തിൽ താൻ വീഴ്ചയില്ലെന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. സർക്കാരിന്റെ മാനദണ്ഡ പ്രകാരം മാത്രമേ ഉദ്യോഗസ്ഥ എന്ന നിലയിൽ പ്രവർത്തിക്കൂ എന്നും കടകവിരുദ്ധമായ ഒന്നും ചെയ്യില്ലെന്നും സെക്രട്ടറി നിലപാട് അറിയിച്ചു.
പദ്ധതി പ്രവർത്തനങ്ങൾ പതുക്കെ പോകുന്നതിനെതിരെ ഭരണപക്ഷ അംഗങ്ങൾ വലിയ വിമർശനങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. മാർച്ചിനകം പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ തദ്ദേശ വകുപ്പിനടക്കം പരാതി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് അധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. സ്ഥിരസമിതി അധ്യക്ഷരായ പി.കെ ഹക്കിം, സിദ്ദീഖ് നൂറേങ്ങൽ, പി.കെ.സെക്കീർ, മറിയുമ്മ ശരീഫ് കോണോത്തൊടി, കൗൺസിലർമാരായ കെപി.എ ശരീഫ്, സി.എച്ച് നൗഷാദ് തുടങ്ങിയവരും സംസാരിച്ചു.
മാലിന്യ പരിപാലന അന്തിമ നിയമാവലിക്ക് ഉപസമിതി
മലപ്പുറം: നഗരസഭ പ്ലാസ്റ്റിക് ഖര, ദ്രവ, ഇ-മാലിന്യ പരിപാലന അന്തിമ നിയമാവലി തയാറാക്കാൻ ഉപസമിതിയെ നിയോഗിച്ചു. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് നഗരസഭ നേരത്തെ തയാറാക്കിയ കരട് നിയമാവലിയിലെ പ്രശ്നങ്ങൾ പരിശോധിച്ച് അന്തിമ നിയമാവലി തയാറാക്കാൻ ഉപസമിതിയെ നിയോഗിച്ചത്. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ സിദ്ദീഖ് നൂറേങ്ങലാണ് ചെയർമാൻ. സ്ഥിരസമിതി അധ്യക്ഷൻ പി.കെ.ഹക്കീം, അംഗങ്ങളായ കെ.പി.എ ഷരീഫ്, ഇ.പി.സൽമ, കെ.എം.വിജയലക്ഷ്മി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

