ഭക്ഷ്യസുരക്ഷ വകുപ്പിൽ നികത്താതെ കിടക്കുന്നത് അഞ്ച് ഒഴിവുകൾ: ഓഫിസ് പ്രവർത്തനത്തെ ബാധിക്കുന്നു
text_fieldsമലപ്പുറം: ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പിൽ വിവിധ തസ്തികകളിലായി നികത്താതെ കിടക്കുന്നത് അഞ്ച് ഒഴിവുകൾ. തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് ഓഫിസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. എൽ.ഡി ക്ലർക്ക് തസ്തികയിൽ രണ്ടും ഭക്ഷ്യസുരക്ഷ ഓഫിസർ തസ്തികയിൽ മൂന്നും ഒഴിവുകളാണ് ജില്ലയിൽ നികത്താതെ കിടക്കുന്നത്. ഒഴിവ് സംബന്ധിച്ച് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തെങ്കിലും നിയമന നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു.
നിലവിൽ ഒരു നിയമസഭ മണ്ഡലം ഉൾപ്പെടുന്ന പ്രദേശമാണ് ഒരു സർക്കിൾ. തവനൂർ, മങ്കട, വേങ്ങര സർക്കിളുകളിലാണ് ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ ഒഴിവുള്ളത്. ഇവിടങ്ങളിൽ ഓഫിസർമാരില്ലാത്തതിനാൽ മറ്റ് സർക്കിളുകൾക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. തവനൂർ സർക്കിളിന്റേത് കോട്ടക്കലിനും മങ്കടയുടേത് മലപ്പുറത്തിനും വേങ്ങരയുടേത് വള്ളിക്കുന്നിനുമാണ് ചുമതല നൽകിയിരിക്കുന്നത്. ഓരോ സർക്കിളുകളിലും ഭക്ഷ്യസുരക്ഷ ലൈസൻസുമായി ബന്ധപ്പെട്ട് ഫീൽഡ്തല പരിശോധനക്ക് നേതൃത്വം നൽകുന്നത് ഭക്ഷ്യസുരക്ഷ ഓഫിസർമാരാണ്. എന്നാൽ, മൂന്ന് സർക്കിളുകളിൽ ആളില്ലാത്തതിനാൽ അധിക ചുമതല വഹിക്കുന്ന സർക്കിളുകൾക്ക് ജോലിഭാരം ഇരട്ടിയായി.
സെപ്റ്റംബറിൽ നടന്ന ഫീൽഡ്തല പരിശോധന വരെ ഇരട്ടി ഭാരവുമായാണ് ഓഫിസർമാർ പൂർത്തിയാക്കിയത്. ജില്ലയിൽ ആകെ 16 സർക്കിളുകളിൽ 13 എണ്ണത്തിലാണ് ഓഫിസർമാരുള്ളത്. ഇതിൽ അഞ്ചെണ്ണത്തിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവരാണ്. പെരിന്തൽമണ്ണ, കൊണ്ടോട്ടി, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂർ സർക്കിളുകളിലാണ് ഭക്ഷ്യസുരക്ഷ ഓഫിസർ ചാർജെടുത്തത്. എൽ.ഡി ക്ലർക്ക് തസ്തികയിൽ പെരിന്തൽമണ്ണ, വേങ്ങര സർക്കിളുകളിലാണ് ഒഴിവ്. ഭക്ഷ്യസുരക്ഷ ഓഫിസറും എൽ.ഡി ക്ലർക്കുമടക്കം വേങ്ങരയിൽ മാത്രം രണ്ട് ഒഴിവുണ്ട്. പുതിയ ആളുകളെ നിയമിച്ചാൽ ഫീൽഡ്തല പരിശോധനക്ക് അടക്കം സർക്കിളുകളുടെ പ്രവർത്തനം സുഗമമാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

