അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫിസിലും പണമിടപാട് സ്ഥാപനത്തിലും മോഷണം
text_fieldsഅമീർ ഹുസൈൻ
പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മോഷണശ്രമം നടത്തുകയും പൂക്കോട്ടുംപാടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണം നടത്തുകയും ചെയ്ത അന്തർ സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. പശ്ചിമബംഗാൾ ജൽപ്പഗുരി സ്വദേശി അമീർ ഹുസൈനെയാണ് (23) പിടികൂടിയത്. നിലമ്പൂർ ഡാൻസാഫും പൂക്കോട്ടുംപാടം പൊലീസും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെയാണ് പ്രതി അമരമ്പലം പഞ്ചായത്ത് ഓഫിസിൽ മോഷണശ്രമം നടത്തിയത്. ഇവിടെനിന്ന് ഒന്നും ലഭിക്കാത്തതിനെ തുടർന്ന് പ്രതി രണ്ടുമണിയോടെ അങ്ങാടിയിൽതന്നെയുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ടുപൊളിച്ച്, ഗ്ലാസ് ഡോർ തകർത്ത് അകത്തുകയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ കവർന്നു.
തെളിവു നശിപ്പിക്കാനായി സി.സി ടി.വി മോണിറ്റർ എടുത്ത് ചന്തക്ക് സമീപം ഉപേക്ഷിച്ചു. നാട്ടിലേക്ക് പണമയക്കാനായി പ്രതി പലപ്പോഴും ഈ സ്ഥാപനത്തിൽ വരാറുണ്ടായിരുന്നു. ഉടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രദേശത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയത് അന്തർ സംസ്ഥാന തൊഴിലാളിയാണെന്ന് കണ്ടെത്തി.
തുടർന്ന് പ്രദേശത്തെ അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിൻദാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

