നേർച്ചപ്പെട്ടി തകർത്ത് മോഷണം, ക്ഷേത്ര ഭണ്ഡാരവും തകർക്കാൻ ശ്രമം
text_fieldsമോഷണശ്രമം നടന്ന കക്കുളം വേങ്ങശ്ശേരി ക്ഷേത്രത്തിൽ പൊലീസ് പരിശോധിക്കുന്നു
പാണ്ടിക്കാട്: കക്കുളത്തെ ഒാമാനൂർ നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു. കക്കുളം വേങ്ങശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരവും തകർക്കാൻ ശ്രമിച്ച നിലയിലാണ്. മോഷണത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പാണ്ടിക്കാട് പൊലീസ് ശേഖരിച്ചു.
കക്കുളത്ത് റോഡരികിൽ സ്ഥാപിച്ച ഒാമാനൂർ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് പണം മോഷ്ടിച്ചത്. രാവിലെ സ്ഥലത്തെത്തിയ പ്രദേശവാസികൾ നേർച്ചപ്പെട്ടിയിലെ നാണയത്തുട്ടുകൾ നിലത്ത് വീണ നിലയിൽ കണ്ടെതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സമീപത്തെ കടയിലെ സി.സി.ടി.വിയിൽ നിന്ന് മോഷണ ദൃശ്യങ്ങൾ ലഭിച്ചു.
യമഹ എഫ്.സെഡ് ബൈക്കിലെത്തിയ യുവാക്കളാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഒമ്പത് മാസം മുമ്പാണ് പെട്ടിയിൽനിന്ന് അവസാനമായി പണമെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.
കക്കുളം വേങ്ങശ്ശേരി വിഷ്ണുക്ഷേത്ര ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരമാണ് തകർക്കാൻ ശ്രമിച്ചത്. മൂന്ന് അറകളുള്ള ഭണ്ഡാരത്തിെൻറ മുൻഭാഗത്തെ പൂട്ടാണ് തകർത്തത്. ഒന്നും മോഷണം പോയിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാണ്ടിക്കാട് പൊലീസെത്തി തെളിവുകൾ ശേഖരിച്ചു.

