കോട്ടക്കൽ പാലപ്പുറ പള്ളിയിലെ മോഷണം; പ്രതി പിടിയിൽ
text_fieldsപ്രതി മുജീബിനെ പാലപ്പുറ പള്ളിയിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ
കോട്ടക്കൽ: ജുമാമസ്ജിദിൽ കടന്ന് നേർച്ചപ്പെട്ടി തകർത്ത് പണം കവർന്ന കേസിലെ പ്രതിയെ പിടികൂടി. കോഴിക്കോട് പുനൂർ കക്കാട്ടുമ്മൽ മുജീബിനെയാണ് (കോയ-43) കോട്ടക്കൽ ഇൻസ്പെക്ടർ ദീപ കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ച കോട്ടക്കൽ പാലപ്പുറ പള്ളിയിലാണ് മോഷണം നടന്നത്.
90,000 രൂപയോളം നഷ്ടപ്പെട്ടെന്നാണ് പരാതി. മോഷണദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ആദ്യഘട്ടത്തിൽതന്നെ മുജീബിലേക്ക് അന്വേഷണമെത്തിയിരുന്നു. കോഴിക്കോട്ടുനിന്നാണ് ഇയാളെ പിടികൂടിയത്. കുന്നംകുളം, പൊന്നാനി, തിരൂരങ്ങാടി, മാവൂർ സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയാണിയാൾ. ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. മോഷ്ടിച്ച പണം ചെലവഴിച്ചെന്നാണ് ഇയാൾ നൽകിയ മൊഴി. റമദാൻ കാലത്ത് തിരക്കുള്ള പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.
പള്ളിവളപ്പിലെ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്തുനിന്നെടുത്ത ആയുധങ്ങൾ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. പ്രതിയെ പള്ളിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. എസ്.ഐമാരായ സുരേഷ്, സെബാസ്റ്റ്യൻ, എ.എസ്.ഐമാരായ അനീഷ് ചാക്കോ, ഹബീബ്, സിപി.ഒ അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

