തിയറ്റർ ജീവനക്കാരന്റെ കൊല; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
text_fieldsഅനൂപ്
മഞ്ചേരി: താനൂരിൽ തിയറ്റര്‍ ജീവനക്കാരനായിരുന്ന വൈശാഖനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 1,01,500 രൂപ പിഴയും. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കൈപ്പോടത്ത് വീട്ടില്‍ ദിനൂപ് എന്ന അനൂപിനെയാണ് (38) മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. പ്രതി പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. പിഴയടക്കുന്നപക്ഷം തുക കൊല്ലപ്പെട്ട വൈശാഖന്റെ മാതാവിന് നല്‍കണം.
2020 സെപ്റ്റംബര്‍ 30നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. താനൂരിലെ പി.വി.എസ് ഫിലിം സിറ്റി തിയറ്ററില്‍ 11 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്ന പ്രതി ഇതേ സ്ഥാപനത്തില്‍ 2019ൽ ജോലിക്കെത്തിയ ബേപ്പൂര്‍ സ്വദേശി വൈശാഖനെയാണ് കൊലപ്പെടുത്തിയത്. പ്രതിയും കൂട്ടുകാരും സ്ഥാപനത്തില്‍ ചെയ്തുവരുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് ഉടമക്ക് വിവരം നല്‍കിയെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. മൃതദേഹം കുളത്തില്‍ തള്ളിയിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കേസുണ്ട്.
കുളത്തില്‍നിന്ന് മൃതദേഹം പുറത്തെടുത്തപ്പോള്‍ വൈശാഖന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നില്ല.
അതിനാല്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍, കോഴിക്കോട് മെഡിക്കല്‍ കോളജിൽ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന്തരിക പരിക്കുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
താനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി. പ്രമോദാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

